ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ബി.ജെ.പി. സംസ്ഥാനനേതൃത്വം വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. നേരത്തേ സ്ഥാനാർഥിയായിരുന്ന നിവേദിതയ്ക്ക് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണച്ച് ശക്തമായി മത്സരക്കളത്തിലുണ്ടാകുമെന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരെ പിന്തുണയ്ക്കാനായിരുന്നു ധാരണ. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയും ചെയ്തു. പക്ഷേ പിന്നീടൊന്നുമായില്ല.
അതേസമയം ദിലീപ് നായരെ പിന്തുണയ്ക്കുന്നതിൽ എൻ.ഡി.എ.യുടെ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഡി.എസ്.ജെ.പി., എൻ.എസ്.എസുമായി സ്വരച്ചേർച്ചയില്ലാത്ത സംഘടനയാണെന്നും എൻ.ഡി.എ. പിന്തുണ നൽകിയാൽ എൻ.എസ്.എസിന്റെ എതിർപ്പ് ഏറ്റുവാങ്ങേണ്ടിവരുമെന്നും ബി.ജെ.പി. മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ അഭിപ്രായമുയർന്നു. എന്തുതന്നെയായാലും എൻ.ഡി.എ.യ്ക്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഇല്ലാതിരിക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ലെന്നും പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചു.
നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ബി.ജെ.പി.ക്ക് ജനപ്രതിനിധികളായി പത്തുപേരുണ്ട്. ഗുരുവായൂർ നഗരസഭയിലും ഏങ്ങണ്ടിയൂർ, കടപ്പുറം പഞ്ചായത്തുകളിലുമായി ഈരണ്ട് അംഗങ്ങളുണ്ട്. പുന്നയൂർക്കുളത്ത് മൂന്നുപേരും ഒരുമനയൂരിൽ ഒരാളും ജനപ്രതിനിധികളായി ബി.ജെ.പി.ക്കുണ്ട്. ഇക്കുറി നിയോജകമണ്ഡലം തിരഞ്ഞെടുപ്പിൽ 30,000 വോട്ടുകളാണ് ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നത്. പാർട്ടിചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടെങ്കിലേ അത്രയും വോട്ടുകൾ ലഭിക്കൂവെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ.