തൃശൂര്‍ : ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകൃഷ്ണന്‍ ജേതാവ്. ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടം നിയന്ത്രണങ്ങളോടെയാണ് നടന്നത്. ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും.
മൂന്ന് ആനകളെ ആനയോട്ടത്തില്‍ പങ്കെടുപ്പിക്കാമെന്ന് അനുമതി ലഭിച്ചതോടെ ഗോപീകണ്ണന്‍, ഗോപീകൃഷ്ണന്‍, ദേവദാസ് എന്നീ ഗജരാജന്മാര്‍ കളഭം ചാര്‍ത്തി മഞ്ജുളാല്‍ പരിസരത്ത് അണിനിരന്നു. ക്ഷേത്രത്തില്‍ നാഴികമണി മുഴങ്ങിയതോടെ ശ്രീലകത്ത് പൂജിച്ച ആനമണികളുമായി പാപ്പാന്മാര്‍ മഞ്ജുളാലിന് മുന്നിലേക്ക് ഓടിയെത്തി. ആനകളെ കഴുത്തില്‍ മണിയണിയിച്ച് ശംഖനാദം മുഴങ്ങി. കിഴക്കേ ഗോപുരനടയിലൂടെ ആദ്യം ഓടിയെത്തിയ ഗോപീകൃഷ്ണന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.
കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടെ എട്ട് തവണ വിജയിയായിരുന്ന ഗോപീകണ്ണനെ കിഴക്കേ നടശാലയ്ക്ക് മുന്‍പില്‍ മറികടന്നാണ് ഗോപീകൃഷ്ണന്‍ വിജയിയായത്. ഗോപീകൃഷ്ണന്‍ ക്ഷേത്രത്തിനകത്ത് 7 പ്രദക്ഷിണം പൂര്‍ത്തിയാക്കി. വിജയിയെ നിറപറ ചൊരിഞ്ഞ് സ്വീകരിച്ചു. ഉത്സവത്തിനിടെ തിടമ്പ് എഴുന്നള്ളിക്കുക ഗോപീകണ്ണന്റെ മസ്തകത്തിലാവും. നാളെ മുതല്‍ ക്ഷേത്രത്തില്‍ 5000 പേര്‍ക്ക് വീതം ദര്‍ശനം അനുവദിക്കും. മാര്‍ച്ച് നാലിന് പള്ളിവേട്ടയും അഞ്ചിന് ആറാട്ടും കടുത്ത നിയന്ത്രണങ്ങളോടെ നടക്കും.