ഗുവാഹത്തി : ആസാമിലെ കംരുപ് ജില്ലയില്‍ രണ്ടാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു . ഗുവാഹത്തി ഉള്‍പ്പെടുന്ന ജില്ലയില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 14 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് . സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ രാത്രി യാത്രാനിരോധനവും ഏര്‍പ്പെടുത്തിയതായി ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശര്‍മ അറിയിച്ചു.
വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള കവാടമായ ഗുവാഹത്തിയില്‍ ജൂണ്‍ 15 വരെ 762 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് . ഇതില്‍ 677 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത് . സംസ്ഥാനത്തിന്റെ പുറത്തുനിന്നും എത്തിയവരില്നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ രോഗബാധിതരായതെന്ന് മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച സംസ്ഥാനത്ത് 276 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതില്‍ 133 കേസുകളും ഗുവാഹത്തിയില്നിന്നാണ്. അതിനാല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ മറ്റുവഴികളില്ലെന്ന് മന്ത്രി വ്യക്തമാക്കി . ലോക്ക്ഡൗണിന്റെ ആദ്യത്തെ ഏഴു ദിവസം നിയന്ത്രണങ്ങള്‍ അതിശക്തമായിരിക്കും. പഴം, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍പോലും തുറക്കാന്‍ പാടില്ലെന്നും മന്ത്രി അറിയിച്ചു.