ഡല്‍ഹി: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ് കോംപ്ലക്സിനുള്ളിൽ കണ്ടെത്തിയ ‘ശിവലിംഗം’ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സംരക്ഷിക്കുമെന്ന് സുപ്രീം കോടതി. ഹിന്ദു സംഘടനകൾ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ശിവലിംഗം കണ്ടെത്തിയ സ്ഥലത്തിന്റെ സംരക്ഷണ കാലാവധി നീട്ടി.
ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ഇവിടെ ജില്ലാ മജിസ്‌ട്രേറ്റ് സുരക്ഷ ഉറപ്പാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. കേസിൽ പുതിയ ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്ന് അറിയിച്ച കോടതി മെയ് 17ലെ ഇടക്കാല ഉത്തരവ് തുടരട്ടെ എന്നും നിർദ്ദേശിച്ചു. മെയ് 17ലെ ഇടക്കാല ഉത്തരവിന്റെ കാലാവധി നവംബർ 12ന് അവസാനിക്കാനിരിക്കെ ഹിന്ദു വിഭാഗമാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഗ്യാൻവാപി തർക്കം
വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട് 1991 മുതലുള്ളതാണ് ഇപ്പോഴത്തെ സംഘർഷം. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് വാരണാസി, ഹിന്ദു ഭക്തർ, തുടങ്ങിയവർ വാരണാസിയിലെ സിവിൽ കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും നിരവധി ഹർജികൾ ഇതുസംബന്ധിച്ച് ഫയൽ ചെയ്തിട്ടുണ്ട്.
1991ൽ ഗ്യാൻവാപി പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഭക്തർ ഒരു കേസ് ഫയൽ ചെയ്തു. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഭഗവാൻ വിശ്വേശ്വരന്റെ ക്ഷേത്രം തകർത്തതിന് ശേഷമാണ് ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചതെന്നാണ് ക്ഷേത്ര വിശ്വാസികളുടെ ആരോപണം. വർഷങ്ങൾക്ക് ശേഷം മസ്ജിദ് സമുച്ചയത്തിനുള്ളിലെ പുരാതന ക്ഷേത്രത്തിൽ ആചാരങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ശിവഭക്തരായ ചിലർ മറ്റൊരു കേസ് ഫയൽ ചെയ്തു.
മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് പൊളിച്ചുമാറ്റിയ ഹിന്ദു നിർമിതിയുടെ ഒരു ഭാഗത്താണ് മസ്ജിദ് പണിതതെന്ന വാദങ്ങൾ പുനരുജ്ജീവിപ്പിച്ച് വാരണാസി കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് സമുച്ചയത്തിന്റെ സർവേ നടത്താൻ കോടതി ഉത്തരവിട്ടു, ഈ സമയത്ത് പള്ളിയുടെ വസുഖാനയ്ക്കുള്ളിൽ ‘ശിവ്‌ലിംഗം’ കണ്ടെത്തി. ഇത് കൂടുതൽ നിയമ പോരാട്ടങ്ങളിലേക്ക് നയിച്ചു.