തിരുവനന്തപുരം : ലോക്ക്ഡൗണിൽ അടച്ചുപൂട്ടിയിരുന്ന ജിമ്മുകളും ഹെൽത്ത് സെന്ററുകളും യോഗാ കേന്ദ്രങ്ങളും ഇന്നു മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. കോവിഡ് അൺലോക്കിൻ്റെ മൂന്നാം ഭാഗമായാണ് കർശന സുരക്ഷാ ഉപാധികളോടെ സർക്കാർ പ്രവർത്തനാനുമതി നൽകിയത്. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവയ്ക്ക് അനുമതി ഇല്ല.
ഇന്നലെ ജിമ്മുകൾ വീണ്ടും തുറന്ന് ഉപകരണങ്ങളും മറ്റും വൃത്തിയാക്കി. മാസ്ക്, തെർമൽ സ്കാനിങ് പരിശോധന എന്നിവ ജിമ്മുകളിൽ നിർബന്ധമാക്കിയിട്ടുണ്ട്. മാറ്റ് അടക്കമുള്ള സാമഗ്രികൾ എല്ലാം ജിമ്മിലെത്തുന്നവർ കൊണ്ടുവരണം.
മാസ്ക് ധരിച്ച് വ്യായാമം ചെയ്യുന്നത് ദോഷകരമാകുമെന്നതിനാൽ ഷീൽഡ് ധരിക്കാനാണ് നിർദേശം. എസി പ്രവർത്തിപ്പിക്കാൻ അനുമതിയില്ല. ജിംനേഷ്യത്തിനകത്ത് ആറ് അടി സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം ഓരോ ബാച്ചിന്റെയും പരിശീലനത്തിന് ഇടയിൽ 15 മുതൽ 20 മിനിറ്റ് വരെ ഇടവേളയും നിർദേശിച്ചിട്ടുണ്ട്. ഒരു ബാച്ച് വ്യായാമം കഴിഞ്ഞ് മടങ്ങിയ ശേഷമായിരിക്കും അടുത്ത ബാച്ചിന് പ്രവേശനം. സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശങ്ങളെല്ലാം ജിമ്മിലെത്തുന്നവരെ അറിയിക്കുന്നുണ്ട്.