ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ആരോഗ്യമുള്ള മുതിർന്നവരിൽ എച്ച്1എൻ1 സ്വയംഭേദമാകുമെങ്കിലും കുട്ടികളും പ്രായമായവരും പ്രത്യേക കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തേടണമെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. പനി, ചുമ, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് അണുബാധയുടെ സാധാരണ ലക്ഷണങ്ങളെന്നും അഞ്ച് മുതൽ ആറ് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ചികിത്സ വൈകിക്കരുതെന്നും ആരോഗ്യവകുപ്പ് പങ്കുവെച്ച പോസ്റ്റിലുണ്ട്.
ചെറിയ കുട്ടികൾ, മുതിർന്നവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണം. ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും ശ്രദ്ധിക്കണം. ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കാം. ചില രോഗികൾക്ക് ചെറിയ തോതിലുള്ള അസുഖം മാത്രമേ ഉണ്ടാകൂ എങ്കിൽ, മറ്റു ചിലർക്ക് കടുത്ത ക്ഷീണമോ വിട്ടുമാറാത്ത പനിയും ചുമയും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ചെറിയ കുട്ടികൾക്ക് ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും മൂക്കും മറയ്ക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക, അസുഖമുള്ളപ്പോൾ അടുത്ത ഇടപഴകൽ ഒഴിവാക്കുക എന്നിവ പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാനാവും.
ആരോഗ്യമുള്ള മുതിർന്നവർക്ക് കൃത്യമായ വിശ്രമത്തിലൂടെയും പരിചരണത്തിലൂടെയും എച്ച്1എൻ1-ൽ നിന്ന് പെട്ടെന്ന് സുഖം പ്രാപിക്കാൻ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നിരുന്നാലും, കുട്ടികൾ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരിലെ വിട്ടുമാറാത്ത ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.
































