മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും ഭീം, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടുന്ന ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പിലെ പ്രധാനികളായ രണ്ടുപേര്‍ക്കെതിരെ കൊച്ചിയിലും സമാന പരാതിയില്‍ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര താനെയില്‍ താമസിക്കുന്ന ഭരത് ഗുര്‍മുഖ് ജെതാനി (20), നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ (20) എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ കഴിഞ്ഞമാസം മഞ്ചേരി പോലീസ് മഹാരാഷ്ട്രയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളില്‍നിന്ന് കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പ്രതികള്‍ കാലങ്ങളായി സമാനരീതിയില്‍ കുറ്റം ചെയ്തുവരുകയായിരുന്നുവെന്ന് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത യുനീക് ഐഡികളും മറ്റും രാജ്യത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളുമായും ഇതര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കും പോലീസ് കൈമാറിയിരുന്നു.
തുടര്‍ന്ന് കൊച്ചി സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രജ്ഞനായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയതും ഇവരാണെന്ന് വ്യക്തമായി. വിവിധ ഫിഷിങ് വെബ്സൈറ്റുകള്‍ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് യൂസര്‍ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുന്ന പ്രതികള്‍ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങള്‍ നല്കി ഉല്പന്നങ്ങളും വാങ്ങുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ ഓണ്‍ലൈന്‍വഴി വില്പന നടത്തിയാണ് പ്രതികള്‍ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാല്‍ എളുപ്പത്തില്‍ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇതരവ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത സിം കാര്‍ഡുകളും വ്യാജ ഐ.പി വിലാസങ്ങളും ഉപയോഗിച്ചാണ് ഹാക്കിങ് നടത്തിയിരുന്നത്. പോലീസ് 20 ദിവസത്തോളം മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നു.
മോഷണം, വ്യാജരേഖ ചമക്കല്‍, ഗൂഢാലോചന, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ ഹാക്കിങ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ വകുപ്പുകളിലാണ് മഞ്ചേരി പോലീസ് കേസന്വേഷിക്കുന്നത്. മലപ്പുറം ജില്ല പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ എം. ഷഹബിന്, കെ. സല്മാന്, എം.പി. ലിജിന്‍ എന്നിവരാണ് മഹാരാഷ്ട്രയില്‍നിന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കേസിന്റെ അന്വേഷണം നടത്തുന്നത്.