നമ്മുടെയെല്ലാം നാട്ടില്‍ സര്‍വ സാധാരണമായി കിട്ടുന്ന പച്ചക്കറികളിലൊന്നാണ് വെണ്ടക്ക. സാമ്പാറിലെ പ്രധാനിയായ വെണ്ടക്ക തോരന്‍ വെച്ചാലും നല്ല രുചിയാണ്. എന്നാല്‍ വെണ്ടക്കയ്ക്ക് കറികളില്‍ മാത്രമല്ല പ്രാധാന്യമുള്ളത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? മുടിയുടെ സംരക്ഷണത്തിന് ഏറ്റവും നല്ല ഉപാധികളിലൊന്നാണ് വെണ്ടക്ക. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടായിരിക്കും അല്ലേ? മുടി വളര്‍ച്ചയ്ക്കുള്ള പ്രകൃതിദത്ത പരിഹാരങ്ങളില്‍ മുന്‍പന്തിയിലാണ് വെണ്ടക്ക. മുടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പോഷകങ്ങളുടെ ഒരു പവര്‍ഹൗസ് ആണ് വെണ്ടക്ക. വെണ്ടക്ക വെള്ളം തലയില്‍ പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിനുകള്‍ എ, സി, കെ എന്നിവയും കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഉള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ ഒരു കലവറയാണ് വെണ്ടക്ക വെള്ളം.
ഈ പോഷകങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും. വെണ്ടക്ക വെള്ളം പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിലും പൊട്ടലും കുറയ്ക്കാനും സഹായിക്കും. ഇതിലെ സമ്പന്നമായ വിറ്റാമിന്‍ ഉള്ളടക്കം ഉള്ളില്‍ നിന്ന് മുടിയെ പോഷിപ്പിക്കുന്നു. പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറായും വെണ്ടക്ക വെള്ളം പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ മുടിയെ മൃദുവും മിനുസമാര്‍ന്നതും കൂടുതല്‍ കൈകാര്യം ചെയ്യാവുന്നതുമാക്കുന്നു. മുടി വളര്‍ച്ചയ്ക്ക് ആരോഗ്യമുള്ള തലയോട്ടി അത്യാവശ്യമാണ്. വെണ്ടക്ക വെള്ളം അത് നിലനിര്‍ത്താന്‍ സഹായിക്കും. ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തലയോട്ടിയിലെ പ്രകോപനങ്ങളും താരന്‍ പോലുള്ള അവസ്ഥകളും ശമിപ്പിക്കും.
മുടിയുടെ ബലത്തിന് നിര്‍ണായകമായ കൊളാജന്‍ ഉല്‍പാദനത്തിന് വെണ്ടക്ക വെള്ളത്തിലെ വിറ്റാമിന്‍ സി സഹായിക്കുന്നു. വെണ്ടക്ക വെള്ളത്തിന് തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിപ്പിക്കാനും അവശ്യ പോഷകങ്ങള്‍ രോമകൂപങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സാധിക്കും. വെണ്ടക്ക നിങ്ങളുടെ മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുന്നു. എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത് എന്നല്ലേ? വെണ്ടയ്ക്ക വെള്ളമൊഴിച്ച് അല്‍പം ചൂടാക്കുക. ആ വെള്ളം തണുത്തതിന് ശേഷം അതുപയോഗിച്ച് തലയില്‍ നല്ലത് പോലെ മസ്സാജ് ചെയ്യാം. ഇങ്ങനെ ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഒരു മാസക്കാലം ചെയ്താല്‍ ഫലപ്രദമായ മാറ്റം നിങ്ങള്‍ കാണാനാകും. ലാവെന്‍ഡര്‍ ഓയിലും വെണ്ടയ്ക്കയും മിക്സ് ചെയ്ത് കണ്ടീഷണര്‍ രൂപത്തിലാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.