ഇന്നത്തെ കാലത്ത് പൊതുവെ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്നമാണിത്. ചിലര്‍ക്ക് മുടി വളര്‍ന്ന് വരുമ്പോഴേയ്ക്കും മുടിക്ക് കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥയിലേക്ക് എത്തും. ചിലര്‍ക്കാണെങ്കില്‍ നെറ്റി കയറി വരുന്നതായി കാണാം. സ്ത്രീകളിലും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. കാലാവസ്ഥാ മാറ്റവും ജീവിതശൈലിയിലെ വ്യതിയാനവും എല്ലാം മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടി കൊഴിച്ചിലിന് പരിഹാരം പലയിടങ്ങളില്‍ അന്വേഷിച്ച് തളര്‍ന്നവരായിരിക്കും നമ്മളില്‍ പലരും. സോഷ്യല്‍ മീഡിയയില്‍ കാണുന്ന പലതരത്തിലുള്ള ടിപ്‌സുകള്‍ പരീക്ഷിച്ച് പണി വാങ്ങിയവരേയും നമുക്കറിയാം. മുടി കൊഴിച്ചിലിനെ നേരിടാന്‍ പലവിധത്തിലുള്ള മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്.
ഉറക്ക കുറവ്, സമ്മര്‍ദ്ദം, താരന്‍, ശരിയായ പോഷകാഹാരക്കുറവ് എന്നിവ കാരണം ഉണ്ടാകാവുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പലപ്പോഴും മുടി കൊഴിച്ചില്‍ തടയാനുള്ള പോംവഴികളില്‍ നമ്മള്‍ എത്തി നില്‍ക്കുന്നത് മുടിയില്‍ പുരട്ടാനുള്ള എണ്ണ, മാസ്‌ക് തുടങ്ങിയവയില്‍ ആയിരിക്കും. എന്നാല്‍ ഭക്ഷണങ്ങളില്‍ കൂടി നമ്മള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍ മാറും എന്നാണ് വിദഗ്ധര്‍ പറയുന്നത്. നല്ല പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം വേണം ഇതിനായി നിങ്ങള്‍ തിരഞ്ഞെടുക്കാന്‍. നമ്മളില്‍ പലരും ഫ്രൂട്ട്‌സ് കഴിക്കുന്നവരായിരിക്കും. എന്നാല്‍ പലതിന്റേയും പോഷകഗുണങ്ങള്‍ അറിയാതെയായിരിക്കും നിങ്ങള്‍ ഇവ തിരഞ്ഞെടുക്കാറുള്ളത്. ഇനി പറയുന്ന പഴങ്ങള്‍ നിങ്ങള്‍ കഴിച്ച് നോക്കൂ. മുടി കൊഴിച്ചില്‍ ഫലപ്രദമായി കുറയുന്നത് നിങ്ങള്‍ക്ക് കാണാനാകും. നമ്മളില്‍ പലര്‍ക്കും എളുപ്പത്തില്‍ ലഭ്യമായ പഴങ്ങളിലൊന്നാണ് വാഴപ്പഴം. നമ്മുടെയെല്ലാവരുടേയും വീടുകളില്‍ പൊതുവെ കണ്ടുവരുന്ന വാഴപ്പഴം മുടി കൊഴിച്ചിലിന് ശക്തമായ മാര്‍ഗമാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ. വാഴപ്പഴത്തില്‍ പ്രകൃതിദത്ത എണ്ണകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയുടെ കേടുപാടുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.
വാഴപ്പഴം പോലെ നമ്മുടെ പലരുടേയും വീട്ടില്‍ കാണുന്ന മറ്റൊരു ഫലമാണ് പപ്പായ. പപ്പായയില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട് ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കാനും വേരുകളില്‍ നിന്ന് തന്നെ മുടിയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു എന്നാണ് പറയുന്നത്. മുടി സംരക്ഷണത്തിലെ പ്രഥമ സ്ഥാനീയനാണ് നെല്ലിക്ക എന്ന് അറിയാമല്ലോ. 5-ആല്‍ഫ റിഡക്‌റ്റേസ് അടങ്ങിയ നെല്ലിക്ക മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. നമ്മുടെ പലരുടേയും വീട്ടില്‍ കാണുന്ന മറ്റൊരു ഫലമാണ് പേരക്ക. വിറ്റാമിനുകള്‍ എ, സി എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന പേരക്ക മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും താരന്‍ തടയുകയും ചെയ്യുന്നു. പേരക്ക ദിവസവും കഴിക്കുന്നത് വഴി മുടി ബലമില്ലാതെ പൊട്ടുന്നതും തടയാന്‍ സാധിക്കും. ഇന്നത്തെ കാലത്ത് വിപണയില്‍ നിന്ന് സജീവമായി ലഭിക്കുന്ന പഴമാണ് സ്‌ട്രോബറി. സ്‌ട്രോബെറിയില്‍ മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ ഇവ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് രോമകൂപങ്ങളെ സംരക്ഷിക്കുന്നു.