തിരുവനന്തപരം : ഹലാല്‍ ചാക്കിലെ ശര്‍ക്കര ഇനി ശബരിമലയിലേക്ക് കൊണ്ടു വരരുതെന്ന് വിതരണക്കാരനോട് വാക്കല്‍ നിര്‍ദ്ദേശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയതായി സൂചന. ഹലാല്‍ എന്നെഴുതിയ ചാക്കുകെട്ട് എങ്ങനെ ശബരിമലയില്‍ എത്തിയെന്നതില്‍ വിശദ പരിശോധനയും നടത്തും. ഇതു സംബന്ധിച്ച് ചില നിഗമനങ്ങളില്‍ ദേവസ്വം ബോര്‍ഡ് എത്തിയിട്ടുണ്ട്. പഴകിയ ശര്‍ക്കര ശബരിമലയിലേക്ക് എത്തിച്ചുവെന്ന സംശയവും ബലപ്പെടുകയാണ്. മുന്‍ ബോര്‍ഡിന്റെ കാലത്തുണ്ടായ ഈ വിവാദത്തില്‍ അന്വേഷണം നടത്തില്ലെന്നും സൂചനകളുണ്ട്.
പമ്പയിലെ ഗോഡൗണിലുള്ള ശര്‍ക്കര മാറ്റം തുടരുകയാണ്. പഴകിയ ശര്‍ക്കര ലേലത്തില്‍ പിടിച്ചതും വിതരണം ഏറ്റെടുത്ത കരാറുകാരന്റെ അടുപ്പാക്കാരനാണോ എന്ന് സംശയമുണ്ട്. അങ്ങനെ വന്നാല്‍ കൊണ്ടു പോകുന്ന ശര്‍ക്കര വീണ്ടും പുതിയ പാക്കറ്റില്‍ തിരിച്ചെത്താനും സാധ്യത ഏറെയാണ്. ശര്‍ക്കര പഴകിയതാണ് ഹലാല്‍ വിവാദം ചര്‍ച്ചയാകാന്‍ കാരണം. വിതരണം ചെയ്ത മുഴുവന്‍ ശര്‍ക്കരയ്ക്കും ഹലാല്‍ പാക്കുകളില്ല. ചിലതു മാത്രമാണ് ആ ഗണത്തില്‍ പെടുന്നത്. ഇത് പലവിധ സംശയങ്ങള്‍ക്കും ഇടനല്‍കുന്നുണ്ട്.
വിതരണകാരന്‍ കൊണ്ടു വരുന്ന ശര്‍ക്കരയുടെ ആദ്യ ബാച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇത് നല്ല നിലവാരമുള്ളതായിരിക്കും. അതിന് ശേഷം കൊണ്ടു വരുന്നത് ഗുണനിലവാരം കുറഞ്ഞതാണോ എന്ന സംശയമാണ് പുതിയ വിവാദം ഉയര്‍ത്തുന്നത്. ഗള്‍ഫിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറാക്കിയ പാക്കറ്റുകള്‍ മാറി ശബരിമലയില്‍ എത്തിയതാണെന്ന വിശദീകരണമാണ് വിതരണ കമ്ബനി ഹലാല്‍ വിവാദത്തില്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത്. ഗള്‍ഫിലേക്ക് കയറ്റി അയച്ചതും നിലവാരമില്ലാത്തതു കൊണ്ട് മടക്കിയതുമായ ശര്‍ക്കരയും ശബരിമലയിലേക്ക് കൊണ്ടു വന്നിരുന്നോ എന്ന സംശയമാണ് ഇതുണ്ടാക്കുന്നത്.
പമ്പയിലെ ഗോഡൗണില്‍ നിന്നും പഴകിയ ശര്‍ക്കര മാറ്റാത്തതു കൊണ്ട് പുതിയത് നിറയ്ക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. ഇത് ഭാവിയില്‍ അരവണ നിര്‍മ്മാണത്തേയും പ്രതിസന്ധിയിലാക്കും. അതിവേഗം പഴകിയ ശര്‍ക്കര മാറ്റാന്‍ ലേലം പിടിച്ചവരോട് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ മഴയും മറ്റും ഈ പ്രവര്‍ത്തികള്‍ക്ക് തടസ്സം നില്‍ക്കുകയാണ്. സീസണ് മുമ്പേ ചെയ്യേണ്ട ജോലി വൈകിയതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ശബരിമലയിലെ ‘ഹലാലില്‍ ‘ വിശദീകരണവുമായി ദേവസ്വം ബോര്‍ഡും രംഗത്തു വന്നിരുന്നു. അരവണയുടെയും അപ്പത്തിന്റെയും വില്‍പന തടസ്സപ്പെടുത്തി ബോര്‍ഡിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണ് ഉയരുന്നതെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വിശദീകരണ പത്രിക നല്‍കിയിരുന്നു. ഇതോടെ സംഭവം കോടതിയുടെ പരിഗണനയിലേക്ക് വരികയാണ്. അപ്പം, അരവണ നിര്‍മ്മാണത്തിനു ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ശര്‍ക്കര ഉപയോഗിക്കുന്നതു തടയണമെന്ന ഹര്‍ജിയിലാണു വിശദീകരണം. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചാണു പരിഗണിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. കോടതിയുടെ നിലപാട് കേസില്‍ അതീവ നിര്‍ണ്ണായകമാകും.
മഹാരാഷ്ട്ര സത്താറയിലെ കരാര്‍ കമ്പനി 2019 ല്‍ സപ്ലൈ ചെയ്ത ശര്‍ക്കര പാക്കറ്റുകളില്‍ ഹലാല്‍ മാര്‍ക്കിങ് കണ്ടിരുന്നെന്നും അന്വേഷണം നടത്തിയിരുന്നെന്നും ബോര്‍ഡ് അറിയിച്ചു. അറബ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുമ്പോള്‍ ഗുണനിലവാരത്തിന്റെ ഉറപ്പിനായി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ എടുത്തിരുന്നതായും കമ്പനി അറിയിച്ചിരുന്നു – ബോര്‍ഡ് അറിയിച്ചു. ഈ വാദം ഹൈക്കോടതി മുഖവിലയ്ക്ക് എടുക്കാനാണ് സാധ്യത. ഇതോടെ ശബരിമലയിലെ ഹലാല്‍ വിവാദവും തീരും.
ശബരിമലയില്‍ അപ്പം, അരവണ നിര്‍മ്മാണത്തിനായി ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചെന്ന വിവാദം തുടരുന്നതിനിടെ ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മ്മിക്കുന്നത് ശിവസേന നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ് സൈറ്റിലെ രേഖകള്‍ വിശദീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ പൂണെ ആസ്ഥാനമായ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മ്മിക്കുന്നത്. കമ്പനി ചെയര്‍മാന്‍ ധൈര്യശീല്‍ ധ്യാന്‍ദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ്. 2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കരാട് നോര്‍ത്ത് മണ്ഡലത്തില്‍ ശിവസേനാ സ്ഥാനാര്‍ത്ഥിയായിരുന്നു ധ്യാന്‍ദേവ്.
പത്തു വര്‍ഷമായി കൃഷി – അനുബന്ധ മേഖലയില്‍ സജീവമായ കമ്പനിയാണ് ധ്യാന്‍ദേവിന്റെ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീല്‍ ധ്യാന്‍ദേവ് കദം, വിക്രംശീല്‍ ധ്യാന്‍ദേവ് കദം, ഗീതാഞ്ജലി സത്യശീല്‍ കദം, സുനിത ധൈര്യശീല്‍ കദം, തേജസ്വിനി വിക്രംശീല്‍ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടര്‍മാര്‍. സള്‍ഫറില്ലാത്ത പഞ്ചസാര ഉല്‍പ്പന്നങ്ങളാണ് കമ്പനിയുടെ ഹൈലൈറ്റ്. ശര്‍ക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളില്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്.
അതിലൊന്നാണ് ശബരിമലയില്‍ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡര്‍. ഈ മേഖലയിലെ ഹോള്‍സെയില്‍ വമ്പന്മാരാണ് വര്‍ധന്‍ ആഗ്രോ പ്രൊസസിങ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.