തിരുവനന്തപുരം : ഇസ്രായേലില്‍ നടന്ന ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഇസ്രയേലില്‍ വര്‍ഷങ്ങളായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
സന്തോഷുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയില്‍ ബോംബാക്രമണത്തിന്റെ രൂപത്തില്‍ എത്തിയ അപ്രതീക്ഷിത മരണം ഏറെ ദാരുണമാണ്. അപ്രതീക്ഷിതമായി ഉണ്ടായ വേര്‍പാടിന്റെ നടുക്കത്തില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവന്‍ സങ്കടമാണെന്ന് അദ്ദേഹം കുറിച്ചു.
വിദേശരാജ്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കരുതലിന്റെ കാവല്‍ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം ചൂണ്ടിക്കാട്ടുന്നത്. സൗമ്യയുടെ കുടുംബാംഗങ്ങളുമായി ഫോണില്‍ വിളിച്ച് സംസാരിച്ചതായും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇസ്രയേലില്‍ വര്‍ഷങ്ങളായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്. സന്തോഷുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയില്‍ ബോംബാക്രമണത്തിന്റെ രൂപത്തില്‍ എത്തിയ അപ്രതീക്ഷിത മരണം ഏറെ ദാരുണമായി.
പൊതുപ്രവര്‍ത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളുമായ സതീശന്റെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ. ഈ കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ വേര്‍പാടിന്റെ നടുക്കത്തില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവന്‍ സങ്കടമാണ്.
വിദേശരാജ്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കരുതലിന്റെ കാവല്‍ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം വിരല്‍ചൂണ്ടുന്നത്. സന്തോഷുമായും കുടുംബാംഗങ്ങളുമായും ഫോണില്‍ സംസാരിച്ചു. സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന് കത്ത് അയച്ചു.