റാന്നി : എരുമേലി ശബരിമല റോഡിലെ തോടിന് കുറുകെ നിര്‍മ്മിച്ച പാലത്തിന്‍റെ കൈവരികള്‍ തകര്‍ച്ചയിലേക്ക്. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡിലെ ഇടമണ്‍ ജംഗ്ഷനിലെ പാലത്തിന്‍റെ കൈവരികളാണ് തകര്‍ന്നത്. കൈവരിയിലെ സിമന്‍റ് ഇളകി കമ്പി പുറത്ത് വന്ന നിലയിലാണ് പാലം. ഉന്നത നിലവാരത്തില്‍ അടുത്ത സമയത്ത് പുനരുദ്ധരിച്ച റോഡാണിത്. ശബരിമല മണ്ഡലകാലത്ത് അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് പോകുന്നതിനായി സഞ്ചരിക്കുന്ന റോഡാണിത്. കണമല റോഡില്‍ അപകടങ്ങള്‍ സംഭവിച്ചാലെ ആ റോഡില്‍ തിരക്കേറുമ്പോഴോ വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതും ഇതുവഴിയാണ്.
ഇടമുറിയിലേക്കുള്ള സര്‍വ്വീസ് ബസുകളും നിരവധി സ്കൂള്‍ കോളേജ് ബസുകളും നിത്യേന സഞ്ചരിക്കുന്ന റോഡുകൂടിയാണിത്. മന്ദമരുതി വെച്ചൂച്ചിറ റോഡില്‍ നിന്നും കൊടും വളവ് തിരിഞ്ഞാണ് ഈ റോഡിലേക്ക് പ്രവേശിക്കുന്നത്. ഇരുവശവും കെട്ടി ഉയര്‍ത്തിയാണ് പാലത്തിലേക്കുള്ള റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. വീതി കുറവുള്ള റോഡും പാലവും ആണിവിടത്തേത്. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച വേളയില്‍ പാലവും പുനരുദ്ധരിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. പാലത്തിന്‍റെ ഭാഗത്തെ റോഡ് വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്. പാലത്തിന്‍റെ തകര്‍ച്ചയ്ക്ക് മുമ്പ് പുനരുദ്ധരിക്കണമെന്നാണ് ആവശ്യം.