പത്തനംതിട്ട : ആറര മാസം ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ റിമാൻഡ് ചെയ്തു. റാന്നി മന്ദിരംപടി നാലുസെന്റ് കോളനി പള്ളിക്കൽ വീട്ടിൽ അച്ചു എന്നുവിളിക്കുന്ന സഞ്ചിമ (19) ഞായർ രാവിലെ 10.30 ന് തൂങ്ങിമരിച്ചതിന് റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കസ്റ്റഡിയിലെടുത്ത ഭർത്താവ് റെജിയുടെ മകൻ അഖിൽ ആർ (26) ആണ് റിമാൻഡിലായത്. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സഞ്ചിമയും അഖിലും ഒരുമിച്ചു വാടകയ്ക്ക് താമസിച്ചുവന്ന മന്ദിരം പടിയ്ക്ക് സമീപം നാലുസെന്റ് കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾ കൊണ്ട് കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവസമയം ഇയാൾ വീട്ടിലുണ്ടായിരുന്നു.
ഈ ജനുവരിയിലാണ് ഇരുവരും ഒരുമിച്ചു താമസിച്ചുതുടങ്ങിയത്. അഖിൽ സ്ഥിരമായി സഞ്ചിമയെ മർദ്ദിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഞായർ രാവിലെയും വഴക്കും മർദ്ദനവും ഉണ്ടായി. ആറര മാസം ഗർഭിണിയായ യുവതിയെ ഇയാൾ കല്ലെടുത്തെറിഞ്ഞു പുറത്ത് മുറിവേൽപിക്കുകയും വയറ്റിലെ കുഞ്ഞിനെ വേണ്ട, പൊയ് ചാകാൻ പറയുകയും ചെയ്തു. ഇതിലുണ്ടായ മനോവിഷമത്താൽ യുവതി കിടപ്പുമുറിയിൽ കയറി തൂങ്ങുകയായിരുന്നു.
അഖിൽ മുറിയിൽ കയറി സഞ്ചിമയെ കെട്ടറുത്ത് താഴെയിട്ടെങ്കിലും കഴുത്തിലെ കെട്ട് അഴിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ ശ്രമിച്ചില്ല. തുടർന്നാണ് മരണം സംഭവിച്ചത്. ഗർഭസ്ഥ ശിശുവും മരണപ്പെട്ടു. തുടർന്ന് റാന്നി തഹസീൽദാർ ഇൻക്വസ്റ്റ് നടത്തിയശേഷം റാന്നി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഫോറൻസിക് സർജൻ അടുത്തദിവസം പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം പോലീസ് അഖിലിനെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
ഇന്നലെ വീണ്ടും പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷ് കുമാർ വിശദമായി ചോദ്യം ചെയ്യുകയും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഡോക്ടറുടെ ഔദ്യോഗിക മൊഴി അനുസരിച്ച് വകുപ്പുകൾ മാറ്റുകയായിരുന്നു. തുടർന്ന് തിങ്കൾ ഉച്ചക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ, എസ് ഐ ഹരികുമാർ സി കെ, എ എസ് ഐ മനോജ്, സി പി ഓ ലിജു എന്നിവരാണ് അന്വേഷണം നടത്തിയത്.