തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കാണാനില്ല. മൃഗശാല വളപ്പിലെ ആഞ്ഞിലി മരത്തിന് മുകളിലായിരുന്നു കുരങ്ങ് ഉണ്ടായിരുന്നത്. മരത്തിന് മുകളില്‍ ഇപ്പോള്‍ കുരങ്ങിനെ കാണാനില്ലെന്ന് മൃഗശാല സൂപ്രണ്ട് സ്ഥിരീകരിച്ചു. ഇതിനിടെ അമ്പലമുക്കില്‍ കുരങ്ങിനെ കണ്ടെന്ന് വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത് നാടന്‍ കുരങ്ങാണെന്ന് വ്യക്തമായി. ചൊവ്വാഴ്ച വൈകിട്ട് കൂട്ടില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് മൃഗശാല വളപ്പില്‍ തന്നെയുള്ള ആഞ്ഞിലി മരത്തിന് മുകളിലുണ്ടെന്നായിരുന്നു മൃഗശാല അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നു രാവിലെ മുതല്‍ മരത്തിന് മുകളില്‍ കുരങ്ങനെ കണ്ടില്ല. ഇതിനിടെയാണ് നാലുകിലോമീറ്റര്‍ മാറി അമ്പലമുക്കില്‍ കുരങ്ങിനെ കണ്ടെന്ന വിവരം കിട്ടുന്നത്.
ഇതോടെ സൂപ്രണ്ടും ജീവനക്കാരുമടങ്ങുന്ന വന്‍ സംഘം കുരങ്ങിനെ പിടിക്കാനായി അമ്പലമുക്കിലേക്ക് പാഞ്ഞു. കുരങ്ങിനെ കണ്ടെന്നു പറഞ്ഞവരോട് നേരില്‍ തിരക്കി. ഹനുമാന്‍ കുരങ്ങിന്‍റെ ഫോട്ടോ കാണിച്ചപ്പോള്‍ കണ്ടത് അതിനെയല്ലെന്ന് വ്യക്തമായി. കണ്ടത് നാടന്‍ കുരങ്ങാണ് എന്ന് വ്യക്തമായതോടെ മൃഗശാല അധികൃതര്‍ നിരാശരായി മടങ്ങി. ഇതിനിടെ കുരങ്ങ് മരത്തില്‍ തന്നെയുണ്ട് എന്ന് ചില ജീവനക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കാന്‍ മൃഗശാല സൂപ്രണ്ട് തയ്യാറായില്ല. രാവിലെ മുതല്‍ ആരും കുരങ്ങിനെ കണ്ടിട്ടില്ലെന്ന് സൂപ്രണ്ട് രാജേഷ് മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. കുരങ്ങ് എവിടെ പോയി എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.