ചാവക്കാട് : സാമൂഹികമാധ്യമം വഴി ഏഴുമാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജ് മുറികളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. ഗുരുവായൂർ തേക്കേനട വാകയിൽ മഠം പദ്മനാഭനെ (54)യാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. മുമ്പ് വിവാഹം കഴിച്ചത് മറച്ചുവെച്ചാണ് പ്രതി യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയത്.
യുവതിയുടെ പക്കൽനിന്ന് പലതവണകളായി സ്വർണം വാങ്ങി പണയം വെച്ചു. ബാങ്ക് അക്കൗണ്ടിൽ നിന്ന് എട്ടേകാൽ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചു നൽകുകയും ചെയ്തില്ല. എസ്.ഐ.മാരായ എസ്. സിനോജ്, എ.എം. യാസിർ, സി.പി.ഒ. എം. ഗീത, സി.പി.ഒ.മാരായ ജെ.വി. പ്രദീപ്, ജയകൃഷ്ണൻ, ബിനിൽ ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.