മുംബൈ : പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ബിനോയ് കോടിയേരിയുടെയും പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിയുടെ അപേക്ഷ പരിഗണിക്കുന്നത് മുംബൈ ഹൈക്കോടതി മാറ്റിവച്ചു. ബിനോയി കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ എത്താത്തതാണ് കേസ് മാറ്റിവയ്ക്കാന്‍ കാരണം. ഇതിനുമുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ നിങ്ങള്‍തമ്മില്‍ വിവാഹം കഴിച്ചതാണോയെന്ന് കോടതി കോടതി ബിനോയിയോടും പരാതിക്കാരിയോടും ചോദിച്ചിരുന്നു. അതെ എന്ന് യുവതിയും, അല്ലെന്ന് ബിനോയിയും മറുപടി നല്‍കി. കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനും ഇരുവര്‍ക്കും വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് കൃത്യമായ മറുപടി സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
ബിനോയ് വിവാഹ വാഗ്ദ്ധാനം നല്‍കി പീഡിപ്പിച്ചെന്നും, ബന്ധത്തില്‍ തനിക്ക് ഒരു കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണ്‍ 13നാണ് യുവതി ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. കോടതിയിൽ സമർപ്പിച്ച ഒത്തുതീർപ്പു കരാറിൽ (കൺസെന്റ് ടേംസ്) തങ്ങളുടെ കുട്ടി വളർന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയിൽ വ്യക്തമാക്കുന്നു.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ഇത് ക്രിമിനൽക്കേസാണെന്നും ഒത്തുതീർക്കാൻ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എൻ.ആർ. ഭോർക്കർ എന്നിവർ വ്യക്തമാക്കിയിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽക്കുറ്റങ്ങൾ കുറ്റപത്രത്തിലുണ്ട്. മൂന്നുവർഷംമുമ്പ് ബിഹാര്‍ സ്വദേശിയായ യുവതി നൽകിയ കേസ് കള്ളക്കേസായിരുന്നെന്നാണ് ബിനോയി കോടതിയിൽ ഇതുവരെ വാദിച്ചത്. ഹൈക്കോടതിയൽ സമർപ്പിച്ച ഡി.എൻ.എ. പരിശോധനാ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.