ഇടുക്കി : കുമളിയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കുമളി ടൗണിൽ ഇറങ്ങിയ കാട്ടുപന്നി രണ്ട് ഇരുചക്രവാഹനം ഇടിച്ചു തകർത്തു. പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം. തിരക്കേറിയ കുമളി ടൗണിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെ വീണ്ടും കാട്ടുപന്നി ഇറങ്ങി. ടൗണിലേക്ക് ഓടിയെത്തിയ കാട്ടുപന്നി സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്ക് ഇടിച്ചിട്ടു.
തലനാരിഴയ്ക്കാണ് സ്ഥാപനത്തിന്റെ മുമ്പിലിരുന്ന കച്ചവടക്കാരൻ രക്ഷപ്പെട്ടത്. ടൗണിൽ കെട്ടിടങ്ങൾ ഇല്ലാത്ത സ്ഥലത്ത് കാടുകേറി കിടക്കുന്നതാണ് വന്യമൃഗങ്ങൾ ടൗണിൽ ഇറങ്ങാൻ കാരണം. കാട്ടുപന്നിയ്ക്ക് പുറമേ കുരങ്ങ് ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ നാട്ടിലെത്തുന്നുണ്ട്. ഇത് തടയാനായി യാതൊരു തരത്തിലുള്ള നടപടിയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ല എന്നാണ് പരാതി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.