ബേയ്ജിങ്: ന്യുയോര്‍ക്കില്‍ നിന്നും തിരിച്ചെത്തിയ ഒരു വിദ്യാര്‍ത്ഥി 70 പേര്‍ക്ക് കോവിഡ് പകര്‍ന്നു നല്‍കിയതിനു പിന്നാലെ ഒരു കോടിയിലേറെ ജനസംഖ്യയുള്ള ഹാര്‍ബിന്‍ നഗരം ചൈനീസ് അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. ഏകദേശം 4000 ത്തിലധികം പേര്‍ക്ക് ഇതുവരെ ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ച ഈ നഗരത്തിലേക്ക് പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചിട്ടുമുണ്ട്. പുറത്തു നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനുകളിലും ചെക്‌പോസ്റ്റുകളും തയ്യാറാക്കിയിട്ടുണ്ട്.
ഇതിനിടയില്‍ ഗുരുതരമായ രോഗബാധയുള്ള രണ്ട് പേര്‍ മാത്രമേ ഇപ്പോള്‍ വുഹാനില്‍ ഉള്ളു എന്നാണ് ചൈന ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത് രണ്ടാംവരവില്‍, രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ ഹീലൊംഗ്ജിയാംഗിന്റെ തലസ്ഥാന നഗരമായ ഹര്‍ബിന്‍ കൊറോണയുടെ പുതിയ എപ്പിസെന്റര്‍ ആയി.
തദ്ദേശവാസികള്‍ക്കായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഏതെങ്കിലും പൊതുസ്ഥലത്തോ ആവാസ കേന്ദ്രത്തിലോ പ്രവേശിക്കുന്നതിന് മുന്‍പായി ജനങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത അപ്പുകള്‍ ഉപയോഗിച്ച് അവര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിയിക്കണം. അവരുടെ താപനില രേഖപ്പെടുത്തുകയും ചെയ്യും. മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതുണ്ട്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ ഉള്‍പ്പടെ എല്ലാ പൊതുപരിപാടികളിലും ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചു. ജനങ്ങള്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാത്രമല്ല, രോഗബാധ സ്ഥിരീകരിച്ചവരുടേയും , രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെയും ബന്ധുക്കളേയും സമീപവാസികളേയും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരേയും നിര്‍ബന്ധിത ക്വാറന്റൈനിലാക്കുന്നുണ്ട്.