ആലപ്പുഴ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗുണമേന്മയുള്ള മത്സ്യം ന്യായവിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മത്സ്യഫെഡിന്റെ ഹാര്‍ബര്‍ ടു മാര്‍ക്കറ്റ് പദ്ധതിയിലൂടെ സാധിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ കോയിക്കല്‍ ചന്തയില്‍ ഹാര്‍ബര്‍ ടു മാര്‍ക്കറ്റ് പദ്ധതിയുടെ ഭാഗമായുള്ള മത്സ്യഫെഡിന്റെ ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പദ്ധതി വഴി ഇടനിലക്കാരില്ലാതെ , മത്സ്യത്തൊഴിലാളികളില്‍ നിന്നും നേരിട്ട് മത്സ്യം സംഭരിക്കുന്നതിലൂടെ തൊഴിലാളികള്‍ക്ക് ന്യായവില ലഭിക്കും. ഇതോടൊപ്പം, ഗുണഭോക്താക്കള്‍ക്ക് രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ഗുണമേന്മയുള്ള മത്സ്യവും ലഭിക്കുന്നു. അടുത്തപടിയായി സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് എല്ലാ മണ്ഡലങ്ങളിലും മത്സ്യ സംഭരണ കേന്ദ്രങ്ങളും ഹൈടെക് മാര്‍ക്കറ്റുകളും, ഓണ്‍ലൈന്‍ വിപണനവും ആണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഇത്തരം ഫിഷ്മാര്‍ട്ടുകള്‍ വഴി മത്സ്യ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ലഭ്യമാക്കാനും, അന്യസംസ്ഥാനങ്ങളില്‍ നിന്നും വിപണിയിലേക്ക് എത്തുന്ന രാസവസ്തുക്കള്‍ നിറഞ്ഞ ഗുണനിലവാരമില്ലാത്ത മത്സ്യങ്ങള്‍ വിപണികളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാനും സാധിക്കും. മത്സ്യ മാര്‍ക്കറ്റുകളില്‍ കച്ചവടം ചെയ്യുന്ന സാധാരണക്കാരായ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മത്സ്യം എത്തിച്ചു നല്‍കാന്‍ മത്സ്യഫെഡ് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യഫെഡിന്റെ ഹാര്‍ബര്‍ ടു മാര്‍ക്കറ്റ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ മൂന്നാമത്തെ ഹൈടെക് മത്സ്യവില്‍പ്പന ശാലയാണ് ഭരണിക്കാവ് കോയിക്കല്‍ ചന്തയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അതത് ദിവസം മത്സ്യത്തൊഴിലാളികള്‍ കൊണ്ടു വരുന്ന മത്സ്യം സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ച് സംഭരണ കേന്ദ്രങ്ങളില്‍ എത്തിച്ച് മത്സ്യം വൃത്തിയാക്കി കൃത്യമായ അളവില്‍ ഗുണമേന്മ നഷ്ടപ്പെടാതെ ഫിഷ്മാര്‍ട്ട് വഴി ജനങ്ങളിലേക്ക് എത്തിക്കും. ചടങ്ങില്‍ അഡ്വ. യു പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പന ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി വാസുദേവന് നല്‍കി മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ നിര്‍വഹിച്ചു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹാരോള്‍ഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മാനേജര്‍ കെ സജീവന്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവന്‍, ജില്ലാ പഞ്ചായത്തംഗം കെ സുമ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍ റെജി, കോശി അലക്സ്, കെ ബാലന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.