ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സബ് കോംപാക്റ്റ് എസ്യുവിയാണ് ഹ്യുണ്ടായ് എക്സ്റ്റർ. ഈ വാഹനം ജൂലൈ 10ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിനകം തന്നെ വാഹനത്തിന്റെ ചിത്രങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഈ വാഹനത്തിന്റെ പുതിയ വീഡിയോ പരസ്യവും വന്നിരിക്കുകയാണ്. ഇതിലൂടെ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയാണ് ഈ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. ഹ്യുണ്ടായ് വെന്യുവിനും താഴെയായിട്ടാണ് എക്സ്റ്ററി വില. ഈ വാഹനത്തിന്റെ പുതിയ പരസ്യം കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിട്ടുണ്ട്. എക്‌സ്‌റ്ററിന്റെ മുൻഭാഗമാണ് വീഡിയോയിൽ കാണിക്കുന്നത്.
എച്ച് ആകൃതിയിലുള്ള ഡേടൈം റണ്ണിങ് എൽഇഡികൾ, എൽഇഡി പ്രൊജക്ടറുകൾക്കായി ചതുരാകൃതിയിലുള്ള ഹൗസുകൾ, വിശാലമായ ഗ്രിൽ, മുൻവശത്ത് ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റ് എന്നിവയുമായിട്ടാണ് ഈ സബ്കോംപാക്റ്റ് എസ്‌യുവി വരുന്നത്. ഹ്യുണ്ടായ് എക്സ്റ്ററിന്റെ സൈഡ് പ്രൊഫൈലിൽ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും ബോഡി ക്ലാഡിങും കാണാാം. വാഹനത്തിന്റെ ഫ്രണ്ട് ഗ്രില്ലിന് തൊട്ട് മുകളിൽ എക്‌സ്‌റ്റർ ബാഡ്ജും ഉണ്ട്. ഇതാദ്യമായാണ് ഹ്യുണ്ടായ് മുൻവശത്ത് മോഡൽ ബാഡ്ജ് നൽകുന്നത്. എസ്‌യുവികളെ പോലെ തോന്നിപ്പിക്കാൻ ബോക്‌സി ഡിസൈനാണ് ഈ വാഹനത്തിലുള്ളത്. വാഹനത്തിന്റെ പിൻഭാഗത്ത്, ടെയിൽ ലാമ്പിൽ എച്ച് ആകൃതിയിലുള്ള എൽഇഡി ഇൻസെർട്ടുകൾ നൽകിയിട്ടുണ്ട്.
ലൈറ്റുകൾ കണക്റ്റ് ചെയ്തുകൊണ്ട് ടെയിൽഗേറ്റിന് കുറുകെ ഒരു കറുത്ത ബാൻഡും നൽകിയിട്ടുണ്ട്. ഇതിലാണ് ഹ്യുണ്ടായ് ലോഗോ നൽകിയിട്ടുള്ളത്. ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ പിന്നിൽ നിന്നുള്ള കാഴ്ചയിൽ വാഹനത്തിന് മസ്‌കുലാർ ആയ ലുക്കാണുള്ളത്. പിന്നിലെ ബമ്പറിന്റെ താഴത്തെ പകുതിയിൽ ബ്ലാക്ക് ബോഡി ക്ലാഡിംഗിനുള്ളിലായി ബൾക്കി-ലുക്കിങ് ഫോക്‌സ് സിൽവർ സ്കിഡ് പ്ലേറ്റ് നൽകിയിട്ടുണ്ട്. ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റിന്റെ മുകൾ വശങ്ങളിലാണ് റിഫ്ലക്ടറുകൾ നൽകിയിട്ടുള്ളത്. റൂഫ് സ്‌പോയിലറിന് ഇടയിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ബ്രേക്ക് ലൈറ്റ്, സി-പില്ലറിലെ ടെക്‌സ്ചർഡ് ഫിനിഷ്, ഷാർക്ക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ എന്നിവയെല്ലാം വാഹനത്തിന്റെ പിൻവശത്തെ ചിത്രത്തിൽ നിന്നും വ്യക്തമാകുന്നു.