തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ വ്യാജ കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെ ഇന്നും ചോദ്യം ചെയ്യും. മന്ത്രിയുടെ ഓഫീസിനു നേരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്നാണ് പോലിസ് സംശയം. ഇതേ കുറിച്ചറിയാനാകും വിശദമായ ചോദ്യം ചെയ്യൽ. ഹരിദാസനെ തൽക്കാലം പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്തി ഗൂഡാലോചന അന്വേഷിക്കാനാണ് നീക്കം. സുഹൃത്തായ ബാസിത്ത് നിർദ്ദേശിച്ച പ്രകാരമാണ് മന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചതെന്നാണ് ഹരിദാസൻെറ മൊഴി. മറ്റ് ചിലരുടെ പേരുകളും ഹരിദാസന്റെ മൊഴികളിലുണ്ട്. ബാസിത്തിനെയും തട്ടിപ്പിലെ മറ്റൊരു പ്രതി ലെനിൻ രാജിനെയും കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
ആരോഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നുള്ള കേസിലെ പരാതിക്കാരനായ ഹരിദാസന്റെ കുറ്റസമ്മത മൊഴി പുറത്ത് വന്നതോടെ സംഭവത്തിൽ വലിയ വഴിത്തിരിവാണ് ഉണ്ടായിട്ടുള്ളത്. ജോലി വാഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് കന്‍റോണ്‍മെന്‍റ് പോലീസ് വ്യക്തമാക്കുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലായിരുന്നു ഹരിദാസന്റെ കുറ്റസമ്മതം.