തിരുവനന്തപുരം : നിയമനക്കോഴ ആരോപണക്കേസിൽ പോലീസിന്റെ മൊഴിയെടുപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിന്ന് പരാതിക്കാരൻ ഹരിദാസ്. മൊഴിയെടുപ്പിൽ ഹരിദാസൻ തെളിവുകൾ കൈമാറിയെന്നും ഫോൺ രേഖകൾ കൈമാറിയെന്നും പോലീസ് അറിയിച്ചു. ഫോണിൽ അഖിൽ മാത്യുവിന്റെ ചിത്രം കാണിച്ചും പോലീസ് മൊഴി എടുത്തു. മൊഴിയെടുത്ത ശേഷം കന്റോൺമെന്റ് പോലീസ് പരാതിക്കാരന്റെ വീട്ടിൽ നിന്ന് മടങ്ങി. എട്ടെ മുക്കാൽ മണിക്കൂർ നേരം പരാതികാരന്റെ മൊഴിയെടുപ്പ് തുടർന്നു.
മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട പരാതികാരൻ ഹരിദാസൻ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞു. പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും തന്റെ കൈയിൽ നിന്ന് പണം വാങ്ങിയത് അഖിൽ മാത്യു തന്നെയെന്ന് വിശ്വസിക്കുന്നെന്നും ഹരിദാസൻ പറഞ്ഞു. അഖിൽ മാത്യുവിന്റെ ഫോട്ടോ അഖിൽ സജീവ് കാണിച്ച് തന്നുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ബാസിത്തിനെ കുറിച്ചും ലെനിനെ കുറിച്ചും പോലീസ് ചോദിച്ചെന്നും ഹരിദാസൻ പറഞ്ഞു.