കരുവാറ്റ : ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ചിത്തിരയുത്സവം കൊടിയേറുന്നതിനു മുൻപ് കരുവാറ്റ തട്ടുപുരയ്ക്കൽ കളരിക്കൽ ക്ഷേത്രത്തിൽനിന്നുള്ള സംഘം കൊട്ടക്കാഴ്ച സമർപ്പിച്ചു. ഞായറാഴ്ച രാത്രിയോടെ ക്ഷേത്രത്തിൽ എത്തിയ കരുവാറ്റ മൂപ്പനും സംഘവും പ്രദക്ഷിണത്തിനുശേഷം കൊടിമരച്ചുവട്ടിൽ കൊട്ടകൾ സമർപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ വീടുകളിൽ നെയ്തുണ്ടാക്കുന്ന കൊട്ടയും മുറവും ഞായറാഴ്ച വൈകിട്ട് തട്ടുപുരയ്ക്കൽ കളരിക്കൽ ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ഹരിപ്പാട്ടേക്ക് പുറപ്പെട്ടത്.
കുടുംബമൂപ്പൻ അധികാരചിഹ്നമായ പട്ടുതലപ്പാവ് അണിഞ്ഞാണ് കൊട്ടക്കാഴ്ച സംഘത്തെ നയിച്ചത്. ക്ഷേത്രത്തിലേക്ക് പോകുന്നവഴി സമുദായത്തിൽ കുറുപ്പിന്റെ തറവാട്ടിലെത്തി ആദ്യം കൊട്ടകൾ സമർപ്പിച്ചു. അവിടെനിന്ന് ദക്ഷിണയായി കിട്ടിയ വെള്ളമുണ്ട് മൂപ്പന്റെ തലപ്പാവിനൊപ്പം ചുറ്റിയായിരുന്നു പിന്നീട് ഹരിപ്പാട്ടേക്കുള്ള യാത്ര.കളരിക്കൽ കുടുംബകാരണവർ ചന്ദ്രൻ, കുടുംബാംഗങ്ങളായ ഗോപാലൻ, പുരുഷാർഥൻ, ശശിധരൻ എന്നിവരാണ് കൊട്ടക്കാഴ്ചയ്ക്കു നേതൃത്വം നൽകിയത്.