പത്തനംതിട്ട : നഗരസഭാ പരിധിയിൽ സ്ഥാപിച്ച ബയോ ബിന്നുകളിൽ ശേഖരിക്കുന്ന ജൈവമാലിന്യം ഹരിത കർമ്മ സേന വളമാക്കി വിൽക്കും. പാം ബയോഗ്രീൻ മാന്വർ എന്ന് പേരിട്ട വളത്തിന്റെ വിതരണോദ്ഘാടനം നഗരസഭ കൗൺസിൽ ഹാളിൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവഹിച്ചു. നഗരത്തിന് ഹരിത സംസ്കാരം പകർന്നു നൽകുക എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ജൈവ വള നിർമ്മാണവും വിതരണവും ആരംഭിച്ചത്. നഗരസഭാ കാര്യാലയം ഹരിത ഓഫീസാക്കി മാറ്റി നഗരത്തിൽ പൂച്ചെടികൾ വച്ച് പിടിപ്പിച്ചു. ജൈവ – അജെെവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ചു എന്നിവയുൾപ്പെടെയുളള പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. മുനിസിപ്പൽ ഓഫീസിലെ ബയോ ബിന്നിൽ നിന്ന് ഉത്പാദിപ്പിച്ച 40 കിലോ വളമാണ് ഇന്ന് ജനപ്രതിനിധികൾക്ക് നൽകിയത്. അടുത്ത ഘട്ടമായി കളക്ട്രേറ്റ്, മിനി സിവിൽ സ്റ്റേഷൻ, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് എന്നിവിടങ്ങളിൽ ആരംഭിക്കും. തുടർന്ന് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബയോബിന്നുകളിൽ നിന്നും വളം ഉത്പാദിപ്പിച്ച് വിതരണം നടത്തും എന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാ മണിയമ്മ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ, പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി, കൗൺസിലർമാർ, മുനിസിപ്പൽ എഞ്ചിനീയർ സുധീർ രാജ്, ക്ലീൻ സിറ്റി മാനേജർ വിനോദ് കുമാർ, ഗ്രീൻ വില്ലേജ് സീനിയർ പ്രോജക്റ്റ് കോർഡിനേറ്റർ പ്രസാദ് കെ എസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങൾ ജനപ്രതിനിധികൾക്ക് പാക്കറ്റുകളിലാക്കിയ വളം കൈമാറി. വാണിജ്യാടിസ്ഥാനത്തിൽ വില്പന നടത്തി വരുമാനം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഹരിതകർമ്മസേന.