പത്തനംതിട്ട : ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് (ജനുവരി 26) സംസ്ഥാനത്തെ 100000 ഓഫീസുകള്‍ ഹരിതചട്ടം പ്രഖ്യാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 11ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതോടൊപ്പം പാഴ്വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയതിന് ഹരിതകര്‍മ്മസേനയ്ക്ക് ചെക്ക് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടക്കുന്ന പ്രഖ്യാപന പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ 550 സ്ഥാപനങ്ങളാണ് റിപ്പബ്ലിക് ദിനത്തില്‍ ഹരിതചട്ടം പ്രഖ്യാപിക്കുവാന്‍ തയ്യാറെടുക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാതലം മുതല്‍ ഗ്രാമപഞ്ചായത്തുതലം വരെയുളള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടത്തി 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ സ്ഥാപനങ്ങളാണ് ഹരിതചട്ടം പ്രഖ്യാപിക്കുന്നത്. പരിശോധന നടത്തിയ 136 ജില്ലാ ഓഫീസുകളില്‍ 67 ജില്ലാ ഓഫീസുകളാണ് 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയത്. 8 ബ്ലോക്ക്പഞ്ചായത്തുകളും മൂന്നു നഗരസഭകളും 44 ഗ്രാമപഞ്ചായത്തുകളും ഹരിതചട്ട പ്രഖ്യാപനത്തിന് അര്‍ഹരായി. ജില്ലാ ഓഫീസുകളില്‍ 97 മാര്‍ക്ക് നേടി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫീസ് ഒന്നാം സ്ഥാനത്തെത്തി.
ജില്ലാതലത്തില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ആന്റോ ആന്റണി എം.പി ഹരിതചട്ട പ്രഖ്യാപനവും ഹരിതകര്‍മ്മസേനയ്ക്കുളള ചെക്കും നല്‍കും. അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലും റാന്നി എം.എല്‍.എ രാജു എബ്രഹാം എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലും കോന്നി എം.എല്‍.എ കെ.യു. അഡ്വ.ജനീഷ് കുമാര്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലും ഹരിചട്ട പ്രഖ്യാപനവും ഹരിതകര്‍മ്മസേനയ്ക്കുളള ചെക്ക് നല്‍കുകയും ചെയ്യും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതചട്ട പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനി നല്‍കിയ ഹരിതകര്‍മ്മസേനയ്ക്കുളള ചെക്ക് കൈമാറുകയും ചെയ്യും.
മുഖ്യമന്ത്രിയുടെ സംസ്ഥാനതല പരിപാടിക്ക് ശേഷം സ്ഥാപനങ്ങളില്‍ ഹരിതചട്ടം പ്രഖ്യാപിച്ചതിന്റെ സാക്ഷ്യപത്രം നല്‍കുകയും ഹരിതകര്‍മ്മസേനയ്ക്കുളള ചെക്ക് കൈമാറുകയും ചെയ്യുന്ന ചടങ്ങും സംഘടിപ്പിക്കും. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ഡി.ഡി.പി, കുടുംബശ്രീ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള കമ്പനി തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ഹരിതചട്ട പ്രഖ്യാപനവും ഹരിതകര്‍മ്മസേന ചെക്ക് ക്യാമ്പയിനും ജില്ലയില്‍ നടപ്പിലാക്കുന്നത്.