പത്തനംതിട്ട : കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതസഭകൾ. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നവംബർ പതിനാലിന് ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും നടന്ന കുട്ടികളുടെ ഹരിതസഭയാണ് വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ഇടപെടൽ കൊണ്ടും ജനകീയമായി മാറിയത്. പങ്കെടുത്ത വിദ്യാർത്ഥികൾക്കും ഹരിതസഭ വേറിട്ട അനുഭവമായി മാറി. ജില്ലയിലെ 55 തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതസഭ നടന്നു. സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട് ഹരിതസഭ നടക്കാത്ത തദ്ദേശ സ്ഥാപനങ്ങളിൽ അടുത്ത ദിവസങ്ങളിൽ നടത്തുന്നതാണ്. തദ്ദേശ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹരിതസഭ നടത്തിയത്.
ജില്ലയിലെ ഹരിതസഭകളിൽ മാത്യു ടി തോമസ് എം എൽ എ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, തിരുവല്ല സബ് കളക്ടർ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ, ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഓരോ നഗരസഭയിലേയും പഞ്ചായത്തിലെയും എല്ലാ സ്കൂളുകളിൽ നിന്നും വിദ്യാർഥികൾ ഹരിതസഭയിൽ പങ്കാളികളായി. ഓരോ ഹരിതസഭയിലും നൂറ്റി അൻപത് മുതൽ ഇരുന്നൂറ് വരെ വിദ്യാർഥികൾ പങ്കെടുത്തു. കവിയൂർ പഞ്ചായത്തിലെ ഹരിതസഭ മാത്യു ടി തോമസ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. പതനതിട്ട നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, തിരുവല്ല നഗരസഭാ ചെയർപേഴ്സൺ ആണ് ജോർജ്, അടൂർ നഗരസഭാ ചെയർപേഴ്സൺ ദിവ്യ റെജി, പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്, പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള, മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഇലന്തൂർ ബ്ലോക്ക് പ്രെസിഡന്റ് ജെ ഇന്ദിരാദേവി, പുളിക്കീഴ് ബ്ലോക്ക് പ്രെസിഡന്റ് വിജി നൈനാൻ തുടങ്ങിയവരും പഞ്ചായത്ത് പ്രെസിഡന്റുമാരും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത സഭ ഉദ്‌ഘാടനം ചെയ്തു.
മാലിന്യസംസ്ക്കരണ വിഷയങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും കുട്ടികളുടെ അഭിപ്രായങ്ങളും ആശയങ്ങൾക്കും പ്രാധാന്യം നൽകുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പുതു തലമുറയിൽ മാലിന്യ നിർമാർജനത്തെ കുറിച്ച് അവബോധം കൊണ്ട് വരാനും പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് കഴിയും. കൂടാതെ സ്കൂളിലെ ശുചിത്വ മാലിന്യസംസ്ക്കരണ സംവിധാനങ്ങളെ കുറിച്ചും രീതികളെ കുറിച്ചും സഭയിൽ ചർച്ച ചെയ്യും. ഇതിലൂടെ വരുന്ന വിടവുകൾ സ്കൂളുകളും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് പരിഹരിക്കാനുള്ള അവസരവും ഒരുക്കും. സാധാരണയിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ തന്നെയായാണ് പരിപാടികൾ നിയന്ത്രിച്ചത്. കുട്ടികളുടെ പാർലമെന്റ് , സ്‌കിറ്റുകൾ, അവതരണങ്ങൾ, ചർച്ചകൾ, പ്രതിജ്ഞകൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഹരിതസഭയിൽ നടന്നു. കൂടാതെ സ്കൂളിലെയും തദ്ദേശ സ്ഥാപനത്തിലെയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥാ വിവരണവും പരിപാടിയിൽ നടന്നു. അവസ്ഥാ വിലയിരുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും സംശയങ്ങൾക്കും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മറുപടി നൽകി. വെച്ചൂച്ചിറ പഞ്ചായത്തിൽ കുട്ടികളുടെ പാർലമെന്റ് നടത്തി ശ്രദ്ധ നേടി.