ചണ്ഡിഗഡ് : ഹരിയാനയിലെ ജാജര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് പേര് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. എല്ലാവരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്.
ജാജര്‍ ജില്ലയിലെ ബാഡ്ലി നഗരത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടം . റോഡ് വശത്ത് നിര്‍ത്തിയിട്ടിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പടെ 11 പേര് കാറിലുണ്ടായിരുന്നുവെന്നാണ് നിഗമനം.
ഫിറോസാബാദ് സ്വദേശികളായ യാത്രികര്‍ രാജസ്ഥാനില്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. എട്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് പോലീസ് അറിയിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ട്രക്ക് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.