ഹരിയാന : ഹരിയാനയിലെ കർണാലിൽ കർഷക പ്രക്ഷോഭത്തിനിടയിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ദൃക്‌സാക്ഷിയായ കർഷകൻ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുശീൽ കാജലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് പോലീസ് തടഞ്ഞു. കർഷകരെ മർദിക്കാൻ നിർദേശിച്ച എസ്.ഡി.എം. ആയുഷ് സിൻഹയെ ഹരിയാന സർക്കാർ സ്ഥലം മാറ്റി.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെയുണ്ടായ പോലീസ് മർദനത്തിലാണ് ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചത്. ഹരിയാനയിലെ കർണാലിൽ വെള്ളിയാഴ്ചയുണ്ടായ പോലീസ് നടപടിയിലാണ് സുശീൽ കാജൾ മരിച്ചത്.
കർണാലിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത ബി.ജെ.പി. നേതാക്കളുടെ യോഗത്തിലാണ് സംഭവം. ബി.ജെ.പി. നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുശീൽ കാജലിന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. എന്നാൽ മരണ കാരണം ഹൃദയ സ്തംഭനമാണെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.