മല്ലപ്പള്ളി : താലൂക്ക് പ്രദേശങ്ങളിൽ കാട്ടുപന്നി, കുരങ്ങ്, കുറുനരി എന്നിവയുടെ ശല്യം രൂക്ഷമാകുന്നു. കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം സ്ഥിരമാകുന്നു. ചേന, ചേമ്പ്, കപ്പ, കാച്ചിൽ, വാഴ, തെങ്ങിൽ തൈകൾ എന്നിവയെല്ലാം നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കപ്പെട്ടു. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് രണ്ടാഴ്ചക്കുള്ളിൽ നശിപ്പിച്ചത്. ഇതോടെ ഗത്യന്തരമില്ലാതെ നട്ടംതിരിയുകയാണ് ഓരോ കർഷക കുടുംബങ്ങളും.
വനങ്ങളിൽനിന്ന് ഇറങ്ങുന്ന കുരങ്ങുകൾ കരിക്ക്, വാഴക്കുലകൾ, അടക്ക എന്നിവയെല്ലാം നശിപ്പിക്കുകയാണ്. കുറുനരിയുടെ ആക്രമണവും പതിവാകുന്നു. പെരുമ്പെട്ടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് കുറുനരിയുടെ കടിയേറ്റു. വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണം നിത്യസംഭമായതോടെ ബാങ്ക് വായ്പകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്നും കടമെടുത്ത് പാട്ട കൃഷി ചെയ്യുന്ന കർഷകരെല്ലാം കൃഷിനാശം മൂലം കടക്കെണിയിൽ നട്ടം തിരിയുകയാണ്. വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമായിരുന്ന കാട്ടുപന്നി ശല്യം ജനവാസ മേഖലകളിലും വ്യാപകമായിരിക്കുകയാണ്. കൃഷി ഉപജീവനമാർഗമാക്കിയ കർഷക കുടുംബങ്ങളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.