ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്രമന്ത്രി ഹർഷവർധന്റെ പ്രസ്താവന പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ ഇന്ന് ലോക്സഭ പ്രക്ഷുബ്ധമാകും. ചോദ്യോത്തരവേളയിൽ രാഹുൽ ഗാന്ധിക്ക് മറുപടി നല്കുന്നതിന് പകരം ഹർഷവർദ്ധൻ രാഷ്ട്രീയ പ്രസ്താവന നടത്തിയതിലാണ് വിവാദം. ചട്ടലംഘനവും അവകാശലംഘനവും നടത്തിയ മന്ത്രി മാപ്പ് പറയുന്നത് വരെ സഭാ നടപടികൾ അനുവദിക്കില്ല എന്നാണ് കോൺഗ്രസ് നിലപാട്.
രാഹുൽ ഗാന്ധിയുടെ വിശദീകരണം അനുവദിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് കത്തു നല്‍കിയിട്ടുണ്ട്. കൊറോണ ഭീതി നേരിടുന്നതിന് എടുത്ത നടപടികളിൽ ഹർഷവർദ്ധന്റെ പ്രസ്താവന അജണ്ടയിൽ ഉൾപ്പെടുത്തി പ്രതിപക്ഷ നീക്കം നേരിടാനാണ് ബിജെപി ശ്രമം. സംവരണം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന ബാധ്യതയില്ല എന്ന സുപ്രീംകോടതി വിധിയും ഇരുസഭകളിലും ബഹളത്തിനിടയാക്കും.
വെള്ളിയാഴ്ചത്തെ ചോദ്യോത്തരവേളയിലായിരുന്നു കേന്ദ്രമന്ത്രി ഹർഷവർധന്‍ രാഹുലിനെതിരെ പരാമര്‍ശം നടത്തിയത്. വയനാട് മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകവെ പ്രധാനമന്ത്രിക്കെതിരായ രാഹുലിന്റെ പരാമർശങ്ങളെക്കുറിച്ച് ചിലത് പറയാനുണ്ടെന്ന് ഹർഷവർധൻ പറഞ്ഞു. തുടർന്ന് എഴുതി തയ്യാറാക്കിയ പ്രസ്‌താവന അദ്ദേഹം വായിച്ചുതുടങ്ങി. തൊഴിൽ വാഗ്‌ദാനങ്ങൾ പാലിക്കാത്ത പ്രധാനമന്ത്രിയെ രാജ്യത്തെ യുവാക്കൾ അടിച്ചോടിക്കുമെന്ന രാഹുലിന്റെ പരാമർശത്തെ അപലപിക്കുന്നതായി ഹർഷവർധൻ പറഞ്ഞു. ചോദ്യോത്തരവേളയിലല്ല രാഷ്ട്രീയ കാര്യങ്ങള്‍ പറയേണ്ടതെന്ന നിലപാടുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.