തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന 23 ന് ഹര്‍ത്താല്‍. പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുമാണ് 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് ജനങ്ങളെ ബാധിക്കാന്‍ ഇടയില്ല. അന്ന് പൊതു അവധി ദിവസമായ ഞായറാഴ്ചയാണെന്നതാണ് കാരണം.
വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി രാജു, ജനറല്‍ സെക്രട്ടറി എ കെ സജീവ്, എന്‍ഡിഎല്‍എഫ് സെക്രട്ടറി അഡ്വ. പി ഒ ജോണ്‍, ഭീം ആര്‍മി ചീഫ് സുധ ഇരവിപേരൂര്‍, കേരള ചേരമര്‍ ഹിന്ദു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് പി തങ്കപ്പന്‍, കെഡിപി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെപിഎംഎസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി ജെ തങ്കച്ചന്‍, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം കണ്‍വീനര്‍ എം ഡി തോമസ്, എന്‍ഡിഎല്‍എഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.