വെൺമണി : വെൺമണി മാമ്പ്രപ്പാടത്തെ പച്ചക്കറികളുടെ വിളവെടുപ്പിന് തുടക്കമായി. കണിവെള്ളരിയാണ് വിളവെടുത്തു തുടങ്ങിയത്. ബാക്കിയുള്ള പച്ചക്കറികളുടെ വിളവെടുപ്പ് പിന്നാലെയുണ്ടാകും. 40 ഏക്കറിലാണ് കൃഷിചെയ്തത്. നാലു ക്ലസ്റ്ററുകളിലായി 70 കർഷകരാണുള്ളത്. വെള്ളരി, പടവലം, പയർ തുടങ്ങിയ ഒട്ടുമിക്ക പച്ചക്കറികളും കർഷകർ കൃഷിചെയ്യുന്നുണ്ട്. വെള്ളരിക്ക് 45 ദിവസവും പയർ, പടവലം, വെണ്ട എന്നിവ പാകമാകാൻ 60 ദിവസവുമാണ് വേണ്ടത്. എല്ലാ വർഷവും ടൺകണക്കിനു പച്ചക്കറികളാണ് ഇവിടെനിന്നു സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് പോകുന്നത്. കണിവെള്ളരിക്കാണ് കൂടുതൽ ആവശ്യം. എന്നാൽ, ആവശ്യമനുസരിച്ച് കൊടുക്കാൻ വിളവില്ലെന്നാണ് കർഷകർ പറയുന്നത്.
കണിവെള്ളരിക്ക് കിലോയ്ക്ക് 15 രൂപയാണ് കർഷകർക്കു ലഭിക്കുന്നത്. വിഷുക്കാലത്താണ് വെള്ളരിക്ക് ഏറ്റവും കൂടുതൽ വില ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വിപണികളിൽ വെൺമണിയിൽനിന്നുള്ള കണിവെള്ളരി എത്തുന്നുണ്ട്. പ്രാദേശികവിപണികൾ വഴിയും നാട്ടുചന്തകൾ വഴിയും വിപണനം നടക്കുന്നുണ്ട്. പച്ചക്കറികളുടെ നടീലിനും വിളവെടുപ്പിനും പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായമുണ്ട്. വിത്തും വളവും കൃഷിവകുപ്പാണ് ലഭ്യമാക്കിയത്.