തിരുവല്ല : സംസ്ഥാനത്തെ പ്രധാന നെല്ലറയായ അപ്പര്‍ കുട്ടനാട്ടില്‍ കൊയ്ത്തുകാലം ആരംഭിച്ചു. പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര , കുറ്റൂർ, കവിയൂർ എന്നീ പഞ്ചായത്തുകളിൽ 3000 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങളിലെ ഈ സീസണിലെ ആദ്യ കൊയ്ത്ത് ഉത്സവം പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ പടവിനകം ബി പാടശേഖരത്തിലാണ് ആരംഭിച്ചിരിക്കുന്നത്. 52 കര്‍ഷകര്‍ ചേര്‍ന്ന് 113 ഏക്കറിലാണ് ഇവിടെ കൃഷി. ജ്യോതി എന്നയിനം നെല്‍വിത്താണ് വിതച്ചത്. തമിഴ്നാട്ടിൽ നിന്നടക്കം എത്തിക്കുന്ന കൊയ്ത്ത് യന്ത്രങ്ങളുപയോഗിച്ചാണ് മേഖലയിലെ പാടശേഖരങ്ങളിൽ വിത്തുവിത നടത്തിയത്.
പ്രദേശത്തെ നിരവധി പാടശേഖരങ്ങളിൽ മടവീഴ്ചമൂലം കൃഷി നാശം സംഭവിച്ചിരുന്നു. ഈ പാടശേഖരങ്ങളിൽ വീണ്ടും വിതച്ച നെല്ല് കുലയായി തുടങ്ങിയിട്ടേയുളളൂ. പടിവനകം എ, കൂരച്ചാല്‍, മാണിക്കത്തടി, വേങ്ങല്‍ എന്നീ പാടശേഖരങ്ങളില്‍ 15 ദിവസത്തിനുളളില്‍ കൊയ്ത്ത് നടത്താനാകും. പാണാകേരിയില് മടവീഴ്ച ബാധിക്കാത്ത ഭാഗത്തും അടുത്ത ആഴ്ചയോടെ വിളവെടുപ്പ് ആരംഭിക്കും. ചാത്തങ്കരി, കോടങ്കരി, വളവനാരി തുടങ്ങിയ പാടങ്ങളില്‍ നെല്ല് കതിര് വന്ന് തുടങ്ങുന്നതേയുളളൂ. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു. സി.കെ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എം.സി. ഷൈജു, രാജൻ വർഗീസ്, പാടശേഖരസമിതി ഭാരവാഹികളായ പി.കെ. ചെല്ലപ്പൻ, പ്രസാദ് കുമാർ, അപ്പർ കുട്ടനാട് കർഷക സമിതി പ്രസിഡന്റ് സാം ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു.