പന്തളം : കൊയ്ത്ത് മെതി യന്ത്രം എത്താൻ വൈകിയതുകാരണം കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ വാളകത്തിനാൽ പുഞ്ചയിൽ കൊയ്ത്തിന് തടസ്സം. വേനൽമഴയിൽ പാടത്ത് വെള്ളം കെട്ടിയതുകാരണമാണ് ഒന്നര ഏക്കറോളം പാടം കൊയ്യാൻ കഴിയാതെ കിടക്കുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നുമാണ് കൊയ്ത്ത് മെതിയന്ത്രം കരിങ്ങാലിപ്പാടത്ത് എത്തിക്കുന്നത്. പഞ്ചായത്തായിരുന്ന കാലത്ത് വാങ്ങിയ കൊയ്ത്ത് മെതിയന്ത്രം ഒരുതവണപോലും ഉപയോഗിക്കാതെ ഷെഡിൽ ഇട്ടിരിക്കുകയാണ്. ഇത് നന്നാക്കാനോ പുതിയതുവാങ്ങാനോ ശ്രമം ഉണ്ടായില്ല.
കരിങ്ങാലിപ്പാടത്തിലെ കൃഷിവികസനപദ്ധതികൾക്കായി എല്ലാവർഷവും ബജറ്റിൽ പണം നീക്കിവെയ്ക്കുന്നത് കർഷകർക്ക് പ്രയോജനകരമായ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വേനൽമഴ ചതിക്കുമോയെന്ന് ഭയന്നിരിക്കുന്ന കർഷകർക്ക് ചൊവ്വാഴ്ചയാരംഭിച്ച കൊയ്ത്ത് ആദ്യം പ്രശ്‌നമുണ്ടാക്കിയിരുന്നില്ലെങ്കിലും വെള്ളം കെട്ടിനിന്ന ഭാഗത്ത് യന്ത്രം പുതഞ്ഞു. 7500 രൂപ വാഹനക്കൂലി നൽകി കൊല്ലത്തുനിന്നുമാണ് യന്ത്രം പാടത്തെത്തിച്ചത്. മണിക്കൂറിനാണ് വാടക. വെള്ളിയാഴ്ച വൈകിട്ട് വീണ്ടും മഴ പെയ്തതോടെ ബാക്കിയുള്ള നെല്ല് കൊയ്‌തെടുക്കാനാകുമോയെന്ന ആശങ്കയിലാണ് കർഷകർ.