തൃശൂര്‍ : 45 ലക്ഷം വിലവരുന്ന ഹാഷിഷ് ഓയിലും എട്ട് കിലോ കഞ്ചാവുമായി 3 യുവാക്കള്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് വരടാട്ടുവളപ്പില്‍ സഞ്ജുണ്ണി (സഞ്ജു -26), പൂങ്കുന്നം കോട്ടാരപാട്ടില്‍ അപ്പു (ഗോകുല്‍–26), ഒല്ലൂര്‍ പിആര്‍ പടി ഡിക്രൂസ് വീട്ടില്‍ ബിജോസ്റ്റ്യന്‍ (26) എന്നിവരാണ് തൃശ്ശൂര്‍ സിറ്റി പോലീസിന്റെ പിടിയിലായത്. പൂങ്കുന്നത്തെ വീട്ടില്‍ നിന്നും 6.78 കിലോഗ്രാം കഞ്ചാവും 1.006 കിലോഗ്രാം ഹാഷിഷും കുരിയച്ചിറയിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 1.33 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
രണ്ട് മാസം മുമ്പ് കമ്മീഷണര്‍ ആര്‍ ആദിത്യക്ക് ലഭിച്ച വിവരത്തെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. പൂങ്കുന്നം കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്നതായിരുന്നു സന്ദേശം. വാടകക്ക് താമസിക്കുന്ന ഗോകുലിന്റെ വീട്ടില്‍ നിന്നാണ് 1.006 കിലോഗ്രാം ഹാഷിഷും 6.780 കിലോ കഞ്ചാവും പിടികൂടിയത്. തുടര്‍ന്ന് മൂന്നുപേരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ബംഗ്‌ളൂരില്‍ നിന്നും കാറില്‍ കഞ്ചാവ് കടത്തുകയാണെന്ന് വിവരം ലഭിച്ചു.
ഇതിന് സഹായിച്ച ബിജോസ്റ്റ്യന്റെ കാറില്‍ ഒളിപ്പിച്ചു വെച്ചിരുന്ന 1.330 കിലോ കഞ്ചാവും പിടിച്ചെടുത്തു. തട്ടിക്കൊണ്ട് പോകല്‍, ആയുധം കൈവശം വെക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവരെന്ന് കമ്മീഷണര്‍ ആര്‍ ആദിത്യ പറഞ്ഞു.
45 ലക്ഷത്തോളം രൂപ വിലവരുന്നതാണീ ഹാഷിഷ്. ആവശ്യക്കാരനുസരിച്ച് വിലകൂടും. വാണിജ്യ അടിസ്ഥാനത്തില്‍ വില്‍ക്കുന്നതിനാണ് ഇത്രയും വലിയ അളവില്‍ സൂക്ഷിക്കുന്നത്. സിറ്റിയില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ മയക്കുമരുന്ന് പിടികൂടുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. തൃശൂര്‍ സിറ്റി ഷാഡോ പോലീസും വെസ്റ്റ് പോലീസും, ഒല്ലൂര്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.