തിരുവനന്തപുരം: ഹത്രസില്‍ ഇന്ത്യ ഒട്ടുക്കെ പ്രതിഷേധം കനക്കുമ്പോഴും സംഭവത്തില്‍ മൗനം പുലര്‍ത്തുന്ന രണ്ട് പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. മോദി ഹത്രാസിലെ പെണ്‍കുട്ടിയെ പറ്റി മിണ്ടാത്തതെന്തെന്ന് മനസിലാക്കാം. മോദിയില്‍ നിന്നും കൂടുതലൊന്നും ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ കടുത്ത സംഘപരിവാര്‍ വിരുദ്ധനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പിണറായി വിജയനെന്താണ് ഇത്ര മൗനം?അടുത്ത വ്യാഴാഴ്ച്ച ലാവ്ലിന്‍ കേസ് പരിഗണിക്കാനിരിക്കുന്നത് കൊണ്ട് ബി.ജെ.പിയെ പിണക്കാതിരിക്കാനാണ് ഈ മൗനമെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ തെറ്റ് പറയാന്‍ പറ്റോ? ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചോദിച്ചു. പോസ്റ്റ് വായിക്കാം
ഇന്ത്യയൊട്ടാകെ ഇന്ന് ഹത്രാസ് വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അതേ പറ്റി ഒരക്ഷരം ഉരിയാടാതിരിക്കുന്ന രണ്ടുപേര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയുമാണ്. നിങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ നിര്‍ഭയയെ ഓര്‍ക്കണം എന്ന് 2014 ലെ തെരഞ്ഞെടുപ്പില്‍ പ്രസംഗിച്ച നരേന്ദ്രമോദി ഹത്രാസിലെ പെണ്‍കുട്ടിയെ പറ്റി മിണ്ടാത്തതെന്തെന്ന് മനസിലാക്കാം.
മോദിയില്‍ നിന്നും കൂടുതലൊന്നും ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ കടുത്ത സംഘപരിവാര്‍ വിരുദ്ധനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പിണറായി വിജയനെന്താണ് ഇത്ര മൗനം? എല്ലാ വൈകുന്നേരവും വന്നിരുന്ന് ഉറുമ്പിന് വെള്ളം കൊടുക്കുന്ന കാര്യം മുതല്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗം രാജിവെച്ച കാര്യം വരെ ചര്‍ച്ച ചെയ്യുന്ന പിണറായി ഹത്രാസിലെ പെണ്‍കുട്ടിയെ പറ്റി കേള്‍ക്കാതിരിക്കാന്‍ വഴിയില്ല.
രാഹുല്‍ ഗാന്ധിയെ യു.പി പോലീസ് കയ്യേറ്റം ചെയ്തതിനെ അപലപിച്ചതിനെ അംഗീകരിക്കുന്നു. എന്നാല്‍ അപ്പോള്‍ പോലും ഹത്രാസിലെ പെണ്‍കുട്ടിയെ പറ്റിയോ അവിടെ നടന്നു കൊണ്ടിരിക്കുന്ന ഭരണകൂടഭീകരതയെ പറ്റിയോ അറിയാതെ പോലും ഒരു വാക്ക് വീഴാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അടുത്ത വ്യാഴാഴ്ച്ച ലാവ്ലിന്‍ കേസ് പരിഗണിക്കാനിരിക്കുന്നത് കൊണ്ട് ബി.ജെ.പിയെ പിണക്കാതിരിക്കാനാണ് ഈ മൗനമെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ തെറ്റ് പറയാന്‍ പറ്റോ?