ലഖ്നോ: ഹഥ്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗത്തിന് ജോലി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് യു.പി സര്‍ക്കാറിന് നിര്‍ദേശം നല്‍കി അലഹബാദ് ഹൈകോടതി. മൂന്ന് മാസത്തിനുള്ളില്‍ ജോലി നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ രാജന്‍ റോയ് ജസ്പ്രീത് സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനവും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും കണക്കിലെടുത്ത് ഇരയുടെ കുടുംബത്തെ ഹഥ്റസില്‍ നിന്ന് ഉത്തര്‍പ്രദേശില്‍ തന്നെയുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുന്നത് പരിഗണിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
2020 സെപ്തംബര്‍ 30ന് ഇരയുടെ കുടുംബത്തിന് രേഖാമൂലം നല്‍കിയ വാഗ്ദാനം സംസ്ഥാന അധികാരികള്‍ പാലിക്കണമെന്ന് എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹഥ്രസിന് പുറത്ത് ജോലിയും പുനരധിവാസവും വേണമെന്ന് ഇരയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഇരയുടെ സഹോദരങ്ങളും പിതാവും ജോലിയില്ലാത്തവരായി മാറിയെന്നും സംഭവത്തെത്തുടര്‍ന്ന് ഹത്രാസില്‍ കുടുംബത്തിന് സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടാണെന്നും പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ അറിയിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ ഹഥ്രസ് ജില്ലയില്‍ 19കാരിയായ ദലിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും സെപ്തംബര്‍ 29ന് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടെന്ന് ദഹിപ്പിക്കാന്‍ പോലീസ് നിര്‍ബന്ധിക്കുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.