ദുബായ് : ചെറുകിട വ്യവസായികളെ പിന്തുണയ്ക്കുന്നതിന് ‘ഹത്ത സൂഖ് ’ പ്രവർത്തനം ആരംഭിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പ്രാദേശിക കാർഷിക, വാണിജ്യ, ഗാർഹിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ ചെറുകിട വ്യാപാരികൾക്ക് മികച്ച അവസരമാണ് സൂഖ് ഒരുക്കുന്നത്. ഹത്തയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാനും സൂഖിലൂടെ ഇവർ ലക്ഷ്യമിടുന്നുണ്ട്. മേഖലയുടെ ആകർഷകത്വവും സേവന നിലവാരവും വർധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സൂഖ് തുറന്നതെന്ന് മുനിസിപ്പാലിറ്റിയിലെ മാർക്കറ്റുകളുടെ വകുപ്പ് മേധാവി മുഹമ്മദ് ഫെറൈദൂനി പറഞ്ഞു.
ഹത്തയിൽ ആകർഷകമായ വിനോദകേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. പ്രദേശത്തിന്റെ വിനോദസഞ്ചാര, നിക്ഷേപ, സാമ്പത്തിക മേഖലകളുടെ വളർച്ചയ്ക്ക് സൂഖ് നിർണയാക സംഭാവനകൾ നൽകുന്നുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഹത്ത പ്രധാന പദ്ധതിയുടെ ഉന്നത സമിതിയുടെ സംരംഭങ്ങളിലൊന്നാണിത്.