കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മൂന്നു വര്‍ഷമായി കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി.വി.അന്‍വറിനെതിരെ കേസെടുക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കാത്തതില്‍ ഒരാഴ്‌ചക്കകം വിശദീകരണം നല്‍കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കും കോഴിക്കോട് കളക്‌ടര്‍ക്കും ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍ നിര്‍ദേശം നല്‍കി. പി.വി.അന്‍വറിന് പ്രത്യേക ദൂതന്‍വഴി നോട്ടീസ് നല്‍കാനും ഉത്തരവിട്ടു. ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്‌മ കോ-ഓര്‍ഡിനേറ്ററുമായി കെ.വി.ഷാജിയുടെ ഹര്‍ജിയിലാണ് നടപടി.
പി.വി.അന്‍വര്‍ ഭൂപരിഷ്‌കരണനിയമം ലംഘിച്ച് അധികമായി കൈവശംവെയ്‌ക്കുന്ന ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഗവര്‍ണര്‍, നിയമസഭാ സ്‌പീക്കര്‍, റവന്യു മന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതികളില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
മലപ്പുറം, കോഴിക്കോട് കളക്‌ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി.അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെയ്‌ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവും നല്‍കി. എന്നാല്‍ ഉത്തരവിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അന്‍വറിനെതിരെ കേസെടുത്തില്ല.
ഭരണസ്വാധീനം ഉപയോഗിച്ചാണ് കേസ് എടുക്കുന്നത് നീട്ടികൊണ്ടുപോകുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശം വെയ്‌ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാല്‍ 207.84 ഏക്കര്‍ ഭൂമി കൈവശം വെയ്‌ക്കുന്നതായി അന്‍വര്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
ഏറനാട്, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ചേര്‍ത്ത ഭൂമിയുടെ അളവ് അനുസരിച്ചാണ് ഇത് സ്ഥിരീകരിച്ചത്. ഭൂപരിഷ്‌കരണ നിയമം പാസാക്കിയ നിയമസഭയിലെ ഒരു അംഗം തന്നെ ആ നിയമം പരസ്യമായി ലംഘിച്ചതിനെതിരെ ഹൈക്കോടതിയില്‍ കേസ് വരുന്നത് അപൂര്‍വ്വതയാണ്. കേസ് 19ന് വീണ്ടും പരിഗണിക്കും.