കൊച്ചി : കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനം ചോദ്യം ചെയ്തുളള ഹരജി ഫയലില്‍ സ്വീകരിക്കണമോയെന്ന് ഹൈക്കോടതി ഇന്ന് തീരുമാനിക്കും.ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹരജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍ നിയമനം നല്‍കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.
ഗവര്‍ണര്‍ സര്‍ക്കാരിന് അയച്ച കത്ത് കോടതിയില്‍ നിലവിലുളള ഹരജിയെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയില്‍ ഉളളത്. ഹരജി തളളിയാല്‍ അടുത്ത ദിവസം തന്നെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനുളള നീക്കവും നടക്കുന്നുണ്ട്.