കൊച്ചി : കെഎസ്‌ആര്‍ടിസിയിലെ സ്വീപ്പര്‍, ഗാരിജ് മസ്ദൂര്‍, പ്യൂണ്‍ / അറ്റന്‍ഡര്‍ വിഭാഗക്കാര്‍ക്കു ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കൊപ്പം ആദ്യഘട്ടത്തില്‍ തന്നെ ശമ്പളം ഉറപ്പാക്കണമെന്നു ഹൈക്കോടതിയുടെ ഉത്തരവ്. കരാറുകാര്‍ക്കും ഇതു ബാധകമായിരിക്കും. അടുത്ത മാസത്തെ ശമ്പളം സാധ്യമെങ്കില്‍ ഓഗസ്റ്റ് 5നോ അല്ലെങ്കില്‍ 10നകമോ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
സാധാരണ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതെ മേലുദ്യോഗസ്ഥര്‍ക്കു ശമ്പളം നല്‍കരുതെന്ന മുന്‍ ഉത്തരവ് ഭേദഗതി ചെയ്താണു നിര്‍ദേശം. ശമ്പളം വൈകുന്നതിനെതിരെ ആര്‍.ബാജി തുടങ്ങി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഏറെ മാസങ്ങള്‍ക്കു ശേഷം 3.51 കോടി രൂപ മിച്ചം കിട്ടിയതായി കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചു. കെഎസ്‌ആര്‍ടിസി ഓഫിസ് പരിസരങ്ങളിലെ സമരം അവസാനിപ്പിച്ച യൂണിയനുകളെ കോടതി അഭിനന്ദിച്ചു.