കൊച്ചി : കോണ്‍വെന്റില്‍ തുടരാന്‍ തനിക്ക് പോലിസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കോണ്‍വെന്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഉത്തരവിടാനാകില്ലെന്നും വ്യക്തമാക്കിയ കോടതി വയനാട്ടിലെ കാരയ്ക്കാമല കോണ്‍വെന്റില്‍ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാല്‍ ലൂസിക്ക് സുരക്ഷ നല്‍കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കാന്‍ മുന്‍സിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോണ്‍വെന്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടുള്ള സിസ്റ്റര്‍ ലൂസിയുടെ അപേക്ഷ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കാനും മേല്‍ക്കോടതി നിര്‍ദേശിച്ചു.