കൊച്ചി: ഭര്‍ത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് നേരത്തെയുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഖുല ഉള്‍പ്പെടെ കോടതിക്കു പുറത്തുള്ള വിവാഹമോചനത്തിന് മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. മുസ്ലിം സ്ത്രീക്ക് വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ സമ്പൂര്‍ണ അവകാശമുണ്ട്. ഇക്കാര്യത്തില്‍ ഭര്‍ത്താവിന്റെ സമ്മതം വേണ്ട. സ്ത്രീക്ക് വിവാഹ മോചനം നേടാന്‍ ഭര്‍ത്താവിനോട് തലാഖ് ആവശ്യപ്പെടണമെന്നും ഖുല പോലുള്ള മാര്‍ഗങ്ങള്‍ സമ്പൂര്‍ണ അവകാശം സ്ത്രീക്കു നല്‍കുന്നില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
തലാഖ് ആവശ്യം ഭര്‍ത്താവ് നിരസിച്ചാല്‍ ഖാസിയെയോ കോടതിയെയോ ആണ് സമീപിക്കേണ്ടതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമായ ഖുലയ്ക്കു ഭര്‍ത്താവിന്റെ അനുമതി വേണമെന്നും അറിയിച്ചു. എന്നാല്‍ മുസ്ലിം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന വിവാഹ മോചന മാര്‍ഗത്തിന് ഭര്‍ത്താവിന്റെ സമ്മതവുമായി ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തലാഖ് ആവശ്യം ഭര്‍ത്താവ് നിരസിച്ചാല്‍ മുസ്ലിം സ്ത്രീക്ക് വിവാഹ മോചനം നേടാന്‍ മാര്‍ഗമെന്തെന്ന് ഖുര്‍ആനിലും സുന്നയിലും വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.