കൊച്ചി: സിസ്റ്റര്‍ ഹാറ്റൂണ്‍ ഫൗണ്ടേഷന്റെ തിരുവല്ലയിലെ ഏഷ്യന്‍ സെക്‌ടര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജനറല്‍ സെക്രട്ടറി ഏലിയാസ് ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നു പരാതി നല്‍കിയ ജര്‍മ്മന്‍ വനിതയുടെ വിസ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജര്‍മ്മന്‍ വനിത നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി സെപ്തംബര്‍ 23നു വീണ്ടും പരിഗണിക്കും. ഏലിയാസിനും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് നല്‍കാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഫൗണ്ടേഷനു കീഴിലുള്ള സ്കൂളില്‍ ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കാന്‍ ഒരു വര്‍ഷത്തെ വിസയിലാണ് ഇന്ത്യയിലെത്തിയത്. പ്രതിഫലമില്ലാതെ ജോലി ചെയ്യാനെത്തിയ ഇവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും വാഗ്‌ദാനം ചെയ്തിരുന്നു. എന്നാല്‍ മോശം ഭക്ഷണവും താമസസൗകര്യവുമാണ് നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഏലിയാസ് ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നും സമാനമായ അനുഭവമുണ്ടായതായി ചില വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ വിസ റദ്ദാക്കാന്‍ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് ഏലിയാസ് കത്തയച്ചെന്നും ഹര്‍ജിക്കാരി പറയുന്നു.