കൊച്ചി : നഗരത്തിലെ വെള്ളക്കെട്ടിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം വേണമെന്ന് ഹൈകോടതി. കാനകളിലേക്കുള്ള ജലമൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം, അതിന് പരിഹാരമായാല്‍ പ്രശ്നം കുറേയേറെ ഇല്ലാതാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. എറണാകുളത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് കാനകളിലേക്ക് വെള്ളമൊഴുകുന്നതിനുള്ള തടസ്സം നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
എന്നാല്‍, നഗരത്തിലെ കാനകള്‍ മഴക്കു മുമ്പേ വൃത്തിയാക്കിയതാണെന്നും വലിയതോതില്‍ മഴ പെയ്താലും കാനകള്‍ക്ക് വെള്ളം ഉള്‍ക്കൊള്ളാനാവുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് നവീകരിച്ച റോഡിലെ വെള്ളം കാനകളിലേക്ക് ഒഴുകിയെത്തുന്നില്ലെന്ന് ഹരജിക്കാര്‍ ആരോപിച്ചു. ഇത്തരമൊരു പരാതി ഇതുവരെ ഉന്നയിച്ചിരുന്നില്ലെന്ന് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
നഗരത്തിലെ റോഡുകളില്‍നിന്ന് കാനകളിലേക്ക് വെള്ളം ഒഴുകാനായിട്ടിരിക്കുന്ന ഓവുകളുടെ മുകളില്‍ സ്ഥാപിക്കുന്ന ഇരുമ്പുമൂടികള്‍ സാമൂഹികവിരുദ്ധര്‍ എടുത്തുകൊണ്ട് പോകുന്നതായി കൊച്ചി സ്മാര്‍ട്ട് മിഷന്‍ അഭിഭാഷകന്‍ അറിയിച്ചു. ഇതിനാലാണ് പല ഓവുകള്‍ക്കും മൂടിയില്ലാതാകുന്നതെന്നും അറിയിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. നഗരത്തിലെ വെള്ളക്കെട്ട് തടയാന്‍ നഗരസഭയും ജില്ല ദുരന്ത നിവാരണ സമിതി ചെയര്‍മാനായ കലക്ടറും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികള്‍ നഗരസഭ അറിയിക്കണം. നവീകരിച്ച റോഡില്‍നിന്ന് വെള്ളം കാനയിലേക്ക് ഒഴുകിയെത്തുന്നില്ലെന്ന പരാതിയില്‍ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡും റിപ്പോര്‍ട്ട് നല്‍കണം. പേരണ്ടൂര്‍ കനാലിന്റെ നവീകരണത്തിന് തടസ്സമായ റെയില്‍വെ കലുങ്കിന്റെ കാര്യത്തില്‍ റെയില്‍വേ അധികൃതര്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹരജി ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.