കൊച്ചി : സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത്തവണ ഓണാഘോഷം ഉണ്ടാകില്ലെന്നു ഹൈക്കോടതി.ജൂലൈയിലെ ശമ്ബളം ഓഗസ്റ്റ് 10നകം നല്‍കണമെന്ന മുന്‍ ഉത്തരവു നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കെഎസ്‌ആര്‍ടിസിക്കു പണമില്ലെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുകയോ ആസ്തികള്‍ വില്‍ക്കുകയോ വേണ്ടി വരും. രണ്ടില്‍ ഏതായാലും സര്‍ക്കാര്‍ ഇടപെട്ടാലേ നടക്കുകയുള്ളൂ. കോടതി നിര്‍ദേശം ഗൗരവപൂര്‍വം പരിഗണിച്ചിരുന്നെങ്കില്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നു എന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ശമ്പള വിതരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. മന്ത്രിമാരും തൊഴിലാളി യൂണിയനുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയുടെ തീരുമാനം അറിയിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയതിനെ തുടര്‍ന്നു ഹര്‍ജി 24ലേക്കു മാറ്റി. കെഎസ്‌ആര്‍ടിസിയുടെ ആസ്തികളുടെ ഓഡിറ്റ് പൂര്‍ത്തിയായിട്ടില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. ഗതാഗത, തൊഴില്‍ വകുപ്പു മന്ത്രിമാരും യൂണിയനുകളുമായി ഇന്നലെ ചര്‍ച്ച നടന്ന കാര്യവും സര്‍ക്കാര്‍ അറിയിച്ചു. കോടതി ഉത്തരവു മാനിച്ചിരുന്നെങ്കില്‍ യോഗം നേരത്തേ നടത്തുമായിരുന്നു എന്നു കോടതി പ്രതികരിച്ചു. മുഖ്യമന്ത്രി യോഗം വിളിക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്നും ചോദിച്ചു. ഔദ്യോഗികമായി യോഗം നടന്നില്ലെങ്കിലും മറ്റു ചര്‍ച്ചകള്‍ നടന്നുവെന്നു സര്‍ക്കാര്‍ മറുപടി നല്‍കി.
ശമ്പളം നല്‍കാതെ ചര്‍ച്ച നടത്തിയിട്ട് എന്തു കാര്യമെന്നു കോടതി ചോദിച്ചു. കോടതി ഉത്തരവിറക്കിയാലും നടപ്പാക്കുന്നില്ലെങ്കില്‍ എന്താണു പ്രയോജനം? ജൂലൈയിലെ ശമ്പളം നല്‍കിയിട്ടില്ല. ആ നിലയ്ക്ക് ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ 5നകം നല്‍കാനാകുമോ? ഓണത്തിന് 20 ദിവസമാണുള്ളത്. എല്ലാവരും ആഘോഷിക്കുമ്പോള്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പട്ടിണിയിലാകും. തൊഴിലാളികളുടെ വിധി എന്നു പറഞ്ഞു കയ്യൊഴിയാന്‍ പറ്റുമോ എന്നു കോടതി ചോദിച്ചു. ശമ്പള വിതരണത്തിനു സര്‍ക്കാരില്‍ നിന്നു സഹായം കിട്ടണമെന്നു പറഞ്ഞാണു കെഎസ്‌ആര്‍ടിസി 10 ദിവസത്തെ സാവകാശം തേടിയത്.