മുംബൈ: കാമുകനെ ക്രൂരമായി മർദിച്ച് ലക്ഷങ്ങൾ തട്ടി യുവതി. മണിക്കൂറുകളോളം മർദിച്ച ശേഷം യുവാവിനെ നഗ്നനാക്കി ദേശീയപാതയിൽ തള്ളുകയും ചെയ്തു. താനെയ്ക്കടുത്ത് ഷഹാപൂരിലാണ് സംഭവം. മുഖ്യപ്രതി ഭവിക ബോയ്ർ(30) ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. ഷഹാപൂർ സ്വദേശിയായ ബാലാജി ശിവഭഗത് ആണ് കവർച്ചയ്ക്കിരയായത്. കെട്ടിട നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ബാലാജിയും ഭവികയും വർഷങ്ങളായി പ്രണയത്തിലാണ്. കഴിഞ്ഞ ജൂൺ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലാജിയെ ഫോണിൽ വിളിച്ചുവരുത്തിയാണ് യുവതി ഒരു സംഘത്തിന്റെ സഹായത്തോടെ പണം കവർന്നത്.
ജൂൺ 28ന് വൈകീട്ട് നാലു മണിയോടെ ബാലാജിയെ ഫോണിൽ വിളിച്ച ഭവിക ഷഹാപൂർ ദേശീയപാതയിൽ ഒരു സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കാറിൽ സ്ഥലത്തെത്തിയ യുവാവ് ഏറെനേരം യുവതിയുമായി സംസാരിച്ചു. ഈ സമയത്താണ് നാലുപേർ പെട്ടെന്ന് ഇവിടെയെത്തി കാറിനകത്തേക്ക് അതിക്രമിച്ചുകയറിയത്. സംഘത്തിൽ ഒരാൾ ഡ്രൈവിങ് ഏറ്റെടുത്ത് യുവാവിനെതിരെ മർദനം ആരംഭിച്ചു. രാത്രി മുഴുവൻ ക്രൂരമായ മർദിച്ചശേഷം പുലർച്ചെ ദേശീയപാതയിൽ നഗ്നനാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സ്വർണാഭരണങ്ങളും സാരിയും ഉൾപ്പെടെ സമ്മാനങ്ങളുമായി വരാനാണ് ഭവിക ആവശ്യപ്പെട്ടതെന്ന് ബാലാജി പറഞ്ഞു. ഇതുകേട്ട് സ്വർണ മാലയും മോതിരവും കമ്മലും വാങ്ങിയായിരുന്നു ചെന്നത്. ഇതെല്ലാം സംഘം കവർന്നതായി യുവാവ് പോലീസിനോട് പറഞ്ഞു. മാരകായുധങ്ങളുമായി ആക്രമിച്ചു. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി അവിടെവച്ചും മർദനം തുടർന്നു. നഗ്നനാക്കി വിഡിയോ പകർത്തി. ഒടുവിൽ കണ്ണിൽ മുളകുപൊടി വിതറി പുലർച്ചെ അഞ്ചുമണിയോടെ ദേശീയപാതയിൽ തള്ളുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി.