കോട്ട: മാതാപിതാക്കൾ കാറിൽവച്ച് മറന്ന മൂന്നുവയസ്സുകാരിയെ മണിക്കൂറുകൾക്കുശേഷം മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം. പ്രദീപ് നഗറിന്റെ മകൾ ഗോർവിക നഗർ ആണ് മരിച്ചത്.കാർ ലോക്ക് ചെയ്‌ത കുടുംബാംഗങ്ങൾ രണ്ട് മണിക്കൂറിന് ശേഷം തിരികെ എത്തിയപ്പോൾ കാറിനുള്ളിൽ ചലനമറ്റ നിലയിൽ മൂന്ന് വയസുകാരിയെ കണ്ടെത്തുകയായിരുന്നു. പ്രദീപും ഭാര്യയും രണ്ടു പെൺമക്കളും വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. സ്ഥലത്തെത്തിയപ്പോൾ ഭാര്യയും മൂത്ത മകളും കാറിൽനിന്നു പുറത്തിറങ്ങി. ഗോർവിക കാറിനുള്ളിൽ ഇരുന്നു. പ്രദീപ് വാഹനം പാർക്ക് ചെയ്യാനായി പോയി. മക്കൾ രണ്ടുപേരും ഭാര്യയ്‌ക്കൊപ്പമുണ്ടെന്നുകരുതി ഇയാൾ കാർ ലോക്ക് ചെയ്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി.
മകൾ അച്ഛനൊപ്പമായിരിക്കുമെന്ന് അമ്മയും കരുതി.രണ്ടുമണിക്കൂറിനുശേഷം ഇരുവരും കാണുമ്പോഴാണ് കുട്ടി ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കാറിൽ നോക്കിയപ്പോൾ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് കുടുംബം വിസമ്മതിച്ചു. മാതാപിതാക്കൾ പരാതി നൽകാൻ വിസമ്മതിച്ചെന്നും പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് ആവശ്യപ്പെട്ടെന്നും പൊലീസ് പറഞ്ഞു.