മലപ്പുറം : കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാദ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. ഇപ്പോഴുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പിന്നിൽ സിപിഐഎമ്മും ബിജെപിയുമാണെന്നും ദീപാദാസ് മുൻഷി ആരോപിച്ചു. കോൺഗ്രസിനെ കടന്നാക്രമിക്കാൻ ഉപയോഗിക്കുന്ന ഈ കത്ത് സിപിഎമ്മിന്റെ പ്രൊപ്പഗണ്ട എന്നാണ് ദീപാദാസ് മുൻഷി ആരോപിക്കുന്നത്. കെ സുധാകരനും വിഡി സതീശനുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദ്ദേശിച്ചതെന്നും സാധാരണ നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
സ്ഥാനാർത്ഥി വിഷയവുമായി ബന്ധപ്പെട്ട് ഇനിയൊരു ചർച്ചക്ക് പ്രസക്തിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞതോടെ ഈ ചോദ്യം തന്നെ അപ്രസക്തമാണെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. അതേസമയം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തിന് ആധികാരികതയില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു. ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റിൽ വി ടി ബൽറാമും കെ മുരളീധരനുമൊക്കെയുണ്ട്. ഇപ്പോൾ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കത്ത് പുറത്തുവന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ല. നാഥനില്ലാത്ത കത്ത് അവഗണിക്കേണ്ടതാണ്. ആർക്ക് വേണമെങ്കിലും കത്ത് തയ്യാറാക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഇപ്പോൾ ഞങ്ങളെ കുറ്റം പറയുകയാണ്. എപ്പോൾ വേണമെങ്കിലും സിപിഐഎമ്മിനെയും കുറ്റം പറയാമെന്നും എ തങ്കപ്പൻ വിമർശിച്ചു.