വെസ്റ്റ് ബ്രോം : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനെതിരെ ഗോൾ നേടിയതോടെ ലിവര്‍പൂള്‍ ഗോളി അലിസൺ ബെക്കർ സ്വന്തമാക്കിയത് അപൂർവ നേട്ടങ്ങൾ. അലിസണിന്റെ ഗോളിലായിരുന്നു മത്സരത്തിൽ ലിവർപൂള്‍ വിജയിച്ചത്.
ലിവർപൂൾ സമനിലയുറപ്പിച്ച മത്സരത്തില്‍ ലോംഗ് വിസിലിന് തൊട്ടുമുമ്പാണ് അലിസൺ ബെക്കർ ചെമ്പടയുടെ രക്ഷകനായത്. 1892ൽ സ്ഥാപിതമായ ലിവർപൂളിന് വേണ്ടി ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറെന്ന ആർക്കും തകർക്കാനാവാത്ത റെക്കോർഡ് ഇനി ബ്രസീലിയൻ താരത്തിന് സ്വന്തം. പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആറാമത്തെ ഗോൾകീപ്പറെന്ന നേട്ടവും, ലീഗിൽ ഹെഡറിലൂടെ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറെന്ന നേട്ടവും അലിസൺ സ്വന്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ ഗോൾകീപ്പർ പീറ്റർ ഷ്മൈക്കേലാണ് പ്രീമിയർ ലീഗിൽ ഗോൾ നേടിയ ആദ്യ ഗോൾകീപ്പർ. 2001ൽ എവർട്ടണെതിരെയായിരുന്നു ഷ്മൈക്കേലിന്റെ നേട്ടം. പിന്നീട് ബ്രാഡ് ഫ്രീഡൽ, പോൾ റോബിൻസൺ, ടിം ഹൊവാർഡ്, അസ്മിർ ബെഗോവിച്ച് എന്നിവരും എതിർഗോൾവലയിൽ പന്തെത്തിച്ചു. ഇഞ്ചുറി ടൈം ഗോളിൽ ജയിച്ചതോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള പ്രതീക്ഷ നിലനിർത്തി. 36 കളിയിൽ 63 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ ലിവർപൂൾ.